Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് രാജ്യത്തിനു വേണ്ടി മരിച്ചു, അതു മായ്ക്കാനാകില്ല: രാഹുൽ

Rahul Gandhi

ന്യൂഡൽഹി∙ ഓൺലൈൻ സീരിയലിൽ തന്റെ പിതാവിനെതിരെ മോശം പരാമർശം നടത്തിയതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. നെറ്റ്ഫ്ലിക്സ് നിർമിച്ച ‘സേക്ര‍ഡ് ഗെയിംസ്’ എന്ന പരമ്പരയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾക്കെതിരെ രാഹുൽ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു– ‘അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കണമെന്നാണു ബിജെപിയുടെയും ആർഎസ്എസ്സിന്റെയും നിലപാട്.

എന്നാൽ, ഈ സ്വാതന്ത്ര്യം അടിസ്ഥാനപരമായ ജനാധിപത്യ അവകാശമാണെന്നാണ് എന്റെ വിശ്വാസം. രാജ്യത്തെ സേവിച്ചാണ് എന്റെ പിതാവ് ജീവിച്ചതും മരിച്ചതും. ഒരു പരമ്പരയിലെ കഥാപാത്രത്തിന്റെ അഭിപ്രായങ്ങൾ കൊണ്ട് അതു തിരുത്താനാവില്ല’. പരമ്പരയ്ക്കു പിന്നിൽ ബിജെപിക്കു പങ്കുണ്ടെന്ന ആക്ഷേപങ്ങൾക്കിടെയാണു രാഹുലിന്റെ പ്രതികരണം. ബൊഫോഴ്സ് കേസിൽ രാജീവിനെതിരെ ആരോപണമുന്നയിച്ചുള്ള പരാമർശങ്ങൾ പരമ്പരയിൽ ഉപയോഗിച്ചതാണു വിവാദമായത്. പരമ്പരയ്ക്കു വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പ്രവർത്തകൻ നിഖിൽ ഭല്ല സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.