കോൺഗ്രസ് പ്രവർത്തക സമിതി: അഞ്ചു സംസ്ഥാനങ്ങൾ പുറത്ത്, വനിതകൾ ഏഴു മാത്രം

ന്യൂഡൽഹി∙ കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചപ്പോൾ ഇടം ലഭിക്കാതെ പ്രമുഖ സംസ്ഥാനങ്ങൾ. അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമിതിയിൽ ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാർ, ഗോവ സംസ്ഥാനങ്ങളിൽനിന്ന് ഒരാൾ പോലുമില്ല.

ഇതിനിടെ, വനിതാ സംവരണത്തിനായി വാതോരാതെ സംസാരിക്കുന്ന രാഹുൽ 51 അംഗ പ്രവർത്തക സമിതിയിൽ ഏഴു വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയതെന്നു ബിജെപി കുറ്റപ്പെടുത്തി. സമിതിയിലെ 23 സ്ഥിരം അംഗങ്ങളിൽ സോണിയ ഗാന്ധി, അംബിക സോണി, കുമാരി ഷെൽജ എന്നിവരിൽ ഒതുങ്ങുന്നു വനിതാ പ്രാതിനിധ്യം. സ്ഥിരം, പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിലുള്ളത് ഷീലാ ദീക്ഷിത്, ആശാ കുമാരി, രജ്‌നി പാട്ടിൽ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരും. അച്ഛനും മകനുമുള്ള സമിതി എന്ന പ്രത്യേകതയും ഇത്തവണയുണ്ട് – അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് സമിതി അംഗമായി; മകൻ ഗൗരവ് ഗൊഗോയ് സ്ഥിരം ക്ഷണിതാവും.

ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിങ് ഹൂഡയെ സമിതിയിൽനിന്ന് ഒഴിവാക്കിയപ്പോൾ, മകൻ ദീപേന്ദർ സിങ് ഹൂഡ പ്രത്യേക ക്ഷണിതാവായി.

പ്രവർത്തക സമിതി:

∙ അംഗങ്ങൾ: രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിങ്, മോത്തിലാൽ വോറ, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖർഗെ, എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, അംബിക സോണി, ഉമ്മൻ ചാണ്ടി, തരുൺ ഗൊഗോയ്, സിദ്ധരാമയ്യ, ആനന്ദ് ശർമ, ഹരീഷ് റാവത്ത്, കുമാരി ഷെൽജ, മുകുൾ വാസ്നിക്, അവിനാഷ് പാണ്ഡെ, കെ.സി.വേണുഗോപാൽ, ദീപക് ബാബറിയ, തംരധ്വാജ് സാഹു, രഘുവീർ മീണ, ഗയ്ഖെൻഗം ഗാങ്മെയ്, അശോക് ഗെലോട്ട്.

∙ സ്ഥിരം ക്ഷണിതാക്കൾ: (പ്രവർത്തക സമിതിയുടെ എല്ലാ യോഗത്തിലും പങ്കെടുക്കാം) ഷീല ദീക്ഷിത്, പി.ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ, ബാലാസാഹെബ് തോറത്, താരിഖ് ഹമീദ് ഖറ, പി.സി.ചാക്കോ, ജിതേന്ദ്ര സിങ്, ആർ.പി.എൻ. സിങ്, പി.എൽ.പുനിയ, രൺദീപ് സിങ് സുർജേവാല, ആശാ കുമാരി, രജ്നി പാട്ടിൽ, രാംചന്ദ്ര ഖുന്തിയ, അനുഗ്രഹ് നാരായൺ സിങ്, രാജീവ് സതവ്, ശക്തിസിങ് ഗോഹിൽ, ഗൗരവ് ഗൊഗോയ്, എ.ചെല്ലകുമാർ.

∙ പ്രത്യേക ക്ഷണിതാക്കൾ (സമിതിയുടെ ക്ഷണം അനുസരിച്ചു യോഗത്തിൽ പങ്കെടുക്കുന്നവർ) കെ.എച്ച്.മുനിയപ്പ, അരുൺ യാദവ്, ദീപേന്ദർ ഹൂഡ, ജിതിൻ പ്രസാദ, കുൽദീപ് വിഷ്ണോയ്, ഐഎൻടിയുസി, യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ, മഹിളാ കോൺഗ്രസ് പ്രസിഡന്റുമാർ, സേവാ ദൾ അധ്യക്ഷൻ.