മോദിയുടെ വിദേശ പര്യടനച്ചെലവ് 1484 കോടി രൂപ

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലയളവിലെ വിദേശപര്യടനങ്ങൾക്കായി 1484 കോടി രൂപ ചെലവായെന്നു സർക്കാർ അറിയിപ്പ്. വിദേശകാര്യസഹമന്ത്രി വി.കെ.സിങ്ങാണു രാജ്യസഭയിൽ കണക്ക് അവതരിപ്പിച്ചത്. 2014 ജൂൺ 15 മുതൽ 2018 ജൂൺ 10 വരെയുള്ള ചെലവാണ് ഇത്. ഇക്കാലയളവിൽ 42 വിദേശപര്യടനങ്ങളിലായി 84 രാജ്യങ്ങൾ മോദി സന്ദർശിച്ചു.

അവതരിപ്പിച്ച കണക്കുപ്രകാരം 1088.42 കോടി രൂപ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കാണു ചെലവായത്. ചാർട്ടേഡ് വിമാനങ്ങൾക്കായി 387.26 കോടി രൂപയും ഹോട്ട്‌ലൈൻ സൗകര്യങ്ങൾക്കായി 9.12 കോടി രൂപയും ചെലവായി. എന്നാൽ ഈ കണക്കുകളിൽ 2017-19 കാലയളവിലെ ഹോട്ട്‌ലൈൻ സൗകര്യങ്ങളുടെ ചെലവും 2018–19 ലെ വിമാനങ്ങളുടെ ചെലവും ഉൾപ്പെട്ടിട്ടില്ല. 2018 ൽ ഇതുവരെ പത്തുരാജ്യങ്ങൾ മോദി സന്ദർശിച്ചു കഴിഞ്ഞെന്നും സിങ് അറിയിച്ചു.