ഇനി മോദിയുടെ പതനം: സോണിയ; സർവ സജ്ജമാകൂ: രാഹുൽ

ന്യൂഡൽഹി∙ കശ്മീർ മുതൽ കന്യാകുമാരി വരെയും പോർബന്തർ മുതൽ ത്രിപുര വരെയുമുള്ള പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‍ ഗാന്ധിയുടെ ആഹ്വാനം. ബിജെപിയെ താഴെയിറക്കാനുള്ള ദൗത്യത്തിൽ പാർട്ടി ഒന്നടങ്കം രാഹുലിനു പിന്നിൽ അണിനിരക്കാൻ പൂർണ സജ്ജമെന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി.

പാർട്ടിയുടെ സാരഥ്യം ഏറ്റെടുത്തശേഷമുള്ള ആദ്യ പ്രവർത്തക സമിതി യോഗത്തിൽ നരേന്ദ്ര മോദിയെ പൊതുശത്രുവായി രാഹുൽ അടയാളപ്പെടുത്തി. മോദിയെ മുട്ടുകുത്തിക്കാൻ താഴേത്തട്ടിലുള്ള പ്രവർത്തകൻ മുതൽ ദേശീയ നേതാവുവരെയുള്ളവർ ഒറ്റക്കെട്ടായി ശ്രമിക്കണം. പ്രവർത്തകരും നേതാക്കളും വാക്കിലും പ്രവൃത്തിയിലും മാന്യത പാലിക്കണം. പാർട്ടിവേദികളിൽ ആർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, തെറ്റായ പരാമർശങ്ങൾ നടത്തി പാർട്ടിയുടെ പോരാട്ടത്തെ ദുർബലമാക്കാൻ ഏതെങ്കിലും നേതാവു ശ്രമിച്ചാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും ശശി തരൂർ എംപിയുടെ ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചു രാഹുൽ പറഞ്ഞു.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ദലിതരെയും സ്ത്രീകളെയും ആദിവാസികളെയും ബിജെപി കടന്നാക്രമിക്കുകയാണ്. അവർക്കായി പാർട്ടി ശബ്ദമുയർത്തണം. വ്യ‌ാജ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ മോദി ജനങ്ങളുടെ അഭിലാഷങ്ങൾ ചവിട്ടിമെതിച്ചു. സമൂഹത്തിൽ വിദ്വേഷത്തിന്റെ വിഷം പരത്തി ഭിന്നിപ്പിച്ചു ഭരിക്കുന്ന സർക്കാരാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

മോദിയുടെ പതനം ആരംഭിച്ചുകഴിഞ്ഞുവെന്നു വ്യക്തമാക്കിയ സോണിയ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഫലപ്രദമായ സഖ്യങ്ങളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. നിരാശയുടെയും ഭീതിയുടെയും ഭരണമാണു രാജ്യത്തെ നിർധനർക്കുമേൽ മോദി സർക്കാർ അടിച്ചേൽപിച്ചിരിക്കുന്നത്. അപകടകരമായ ഭരണത്തിൽനിന്നു ജനങ്ങളെ രക്ഷിക്കാനുള്ള കടമ കോൺഗ്രസിനുണ്ട്. അവിശ്വാസ പ്രമേയ ചർച്ചയിൽ മോദി നടത്തിയ പ്രഭാഷണം അദ്ദേഹത്തിന്റെ നിരാശയ്ക്കു തെളിവാണ്. മോദി സർക്കാരിന്റെ പതനത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞുവെന്നും സോണിയ പറഞ്ഞു.

പത്തു വിഷയം; മുദ്രാവാക്യം

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സർക്കാരിനെതിരെ ഉയർത്തിക്കാട്ടാൻ പത്തു വിഷയങ്ങളുമായി കോൺഗ്രസ്. ഇവയുമായി ബന്ധപ്പെട്ടു കുറിക്കുകൊള്ളുന്ന മുദ്രാവാക്യങ്ങളും തയാറാക്കുമെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. വിഷയങ്ങൾ ഇവ: കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ദലിതർക്കെതിരായ അതിക്രമം, ആദിവാസി പീഡനം, സ്ത്രീ സുരക്ഷ, രാജ്യ സുരക്ഷയ്ക്കെതിരായ വെല്ലുവിളി – ദോക് ലാ സംഘർഷം, ഭരണഘടനാ സ്ഥാപനങ്ങൾക്കു നേരെ കടന്നാക്രമണം, ന്യൂനപക്ഷ പീഡനം, പിന്നാക്ക വികസനം, സംവരണം.