മോദിയെ പുകഴ്ത്തി അമർ സിങ്; ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹത്തിനു ശക്തിയേറി

ലക്നൗ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലവറയില്ലാതെ പുകഴ്ത്തി സമാജ്‌‍വാദി പാർട്ടി മുൻ നേതാവും രാജ്യസഭാംഗവുമായ അമർ സിങ്. സിങ് ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ പ്രസ്താവന. എന്നാൽ താൻ ബിജെപിയിൽ ചേരാൻ ശ്രമം നടത്തുന്നതല്ലെന്ന മുൻകൂർ ജാമ്യവും അദ്ദേഹം എടുത്തു. ബിജെപിയിൽ ചേരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് തനിക്കു മോദിയെ വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും അമർ സിങ് പറഞ്ഞത്.

മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണയ്ക്കുന്നുവെന്നും ബിഎസ്പിയുടെ മായാവതിയുമായോ സമാജ്‍വാദി പാർട്ടിയിലെ അഖിലേഷ് യാദവുമായോ കൂട്ടുകൂടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജ്‍വാദി പാർട്ടിയിലെ കുടുംബവഴക്കിന്റെ കാരണക്കാരനെന്ന കുറ്റപ്പെടുത്തൽ ഏറെ കേട്ട അമർസിങ്ങിനെ അഖിലേഷ് പാർട്ടിയിൽനിന്നു കഴിഞ്ഞ വർഷം പുറത്താക്കുകയായിരുന്നു.