കന്നുകാലി മോഷ്ടാവെന്ന് സംശയം: യുവാവിനെ തല്ലിക്കൊന്നു

ചണ്ഡിഗഡ് ∙ കന്നുകാലി മോഷ്ടാവെന്നു സംശയിച്ച് ഹരിയാനയിലെ പൽവാൽ ജില്ലയിലെ ഒരാളെ വീട്ടുകാർ തല്ലിക്കൊന്നു. ബഹ്റോള ഗ്രാമത്തിലെ ശ്രദ്ധാരാമിൽ പിതാവിന്റെ കാലിത്തൊഴുത്തിൽ നിന്ന് രാത്രി കന്നുകാലിയെ മോഷ്ടിക്കാൻ ശ്രമിച്ചയാളെയാണ് മൂന്നുമക്കളും ചേർന്നു കൊലപ്പെടുത്തിയത്. ഇവരിൽ രാം കിഷൻ എന്നയാൾ അറസ്റ്റിലായി. ബീർ സിങ്, പ്രകാശ് എന്നിവരെ പിടികിട്ടിയിട്ടില്ല.

ഇരുപതിനു മുകളിൽ പ്രായംവരുന്ന മോഷ്ടാവാണു മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേരും കടന്നുകളഞ്ഞു. കന്നുകാലികളെ മറച്ചിരുന്ന വല ഇവർ മുറിച്ചുമാറ്റുമ്പോഴാണു വീട്ടുകാർ ആക്രമിച്ചത്. ഗ്രാമത്തിൽനിന്നു മാറി വയലിൽ താമസിക്കുകയായിരുന്നു വീട്ടുകാർ.