Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി അക്രമം: 4 പേർ അറസ്റ്റിൽ,ബജ്റങ് ദൾ നേതാവ് ഒളിവിൽ

up-riot-cow-mob-killing ബാക്കിയായത്: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിനടുത്തുള്ള മഹവ് ഗ്രാമത്തിൽ ഗോവധം ആരോപിച്ചുണ്ടായ അക്രമസംഭവങ്ങളിൽ തീവച്ചു നശിപ്പിച്ച വാഹനങ്ങൾ. ചിത്രം: എഎഫ്പി

ലക്‌നൗ ∙ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ച ഗോഹത്യ ആരോപിച്ചു നടന്ന ആൾക്കൂട്ട അക്രമവുമായി ബന്ധപ്പെട്ടു 4 പേർ അറസ്റ്റിലായി. മുഖ്യപ്രതിയായ ബജ്റങ് ദൾ നേതാവിനെ പൊലീസ് തിരയുന്നു. കല്ലേറിൽ പരുക്കേറ്റ പൊലീസ് സബ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കാറിൽ മടങ്ങുമ്പോൾ അക്രമികൾ പിന്തുടർന്നു വെടിവച്ചുകൊല്ലുകയായിരുന്നു. നാട്ടുകാരനായ സുമിത് കുമാറും (20) അക്രമത്തിൽ കൊല്ലപ്പെട്ടു.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ യുപി സർക്കാരിനും ഡിജിപിക്കും നോട്ടിസ് അയച്ചു. ഒളിവിൽ പോയ മുഖ്യപ്രതി ബജ്റങ്ദൾ ജില്ല കൺവീനർ യോഗേഷ് രാജാണു പശുഹത്യ സംബന്ധിച്ചു തിങ്കളാഴ്ച രാവിലെ പൊലീസിൽ പരാതി നൽകിയത്. തിരിച്ചറിഞ്ഞ 27 പേർ അടക്കം തൊണ്ണൂറോളം പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. പ്രതികളിൽ യുവമോർച്ച നേതാവ് ശിഖർ അഗർവാളും വിഎച്ച്പി നേതാവ് ഉപേന്ദ്ര രാഘവും ഉൾപ്പെടുന്നു.

ബുലന്ദ്ഷഹർ ജില്ലയിലെ സിയാന മേഖലയിൽ നാനൂറോളം വരുന്ന ജനക്കൂട്ടമാണു വ്യാപക അക്രമം അഴിച്ചുവിട്ടത്. അടുത്ത വനത്തിൽ 25 പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്നു പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ലെന്നാരോപിച്ചായിരുന്നു ഇത്. പ്രദേശത്തെ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന സുബോധ്കുമാർ അക്രമികളുടെ വെടിയേറ്റാണു മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടതു പുരികത്തിനു താഴെയാണു വെടിയേറ്റത്. മാരകായുധങ്ങൾ കൊണ്ടുള്ള മർദനവും ഏറ്റിരുന്നു. സർവീസ് തോക്കും മൊബൈൽ ഫോണും അക്രമികൾ കൊണ്ടുപോയി.

സംഘർഷത്തിനിടെ സുബോധിനു കല്ലേറിൽ തലയ്ക്കു പരുക്കേറ്റു. കാറിൽ കയറി പോകാനൊരുങ്ങിയപ്പോൾ ആൾക്കൂട്ടം പിന്തുടർന്ന് ആക്രമിച്ചു. ഇതോടെ താൻ ഓടി രക്ഷപ്പെട്ടെന്നു ഡ്രൈവർ മൊഴി നൽകി. സുബോധ് കുമാറിന്റെ അനക്കമറ്റ ശരീരം കാറിനു പുറത്തേക്കു വീണുകിടക്കുന്ന ദൃശ്യമുള്ള വിഡിയോയിൽ വെടിയൊച്ചകൾക്കൊപ്പം ‘അവനെ വെടിവയ്ക്കൂ’ എന്ന ആക്രോശവും കേൾക്കാം.