പ്രധാനമന്ത്രിയുടെ പ്രസംഗം രേഖകളിൽനിന്നു നീക്കി

നരേന്ദ്ര മോദി (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവംശിനെ അനുമോദിച്ച് രാജ്യസഭയിൽ പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി ബി.കെ.ഹരിപ്രസാദിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം അധ്യക്ഷൻ സഭാ രേഖകളിൽനിന്നു നീക്കി. പരാമർശം ആക്ഷേപകരമെന്ന വിലയിരുത്തലിലാണ് അധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന്റെ നടപടിയെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറഞ്ഞു.

ഹരിപ്രസാദിന്റെ പേരിനു മുന്നിലെ ചുരുക്കക്ഷരങ്ങളായ ബി,കെ എന്നിവയെ, വിറ്റുപോയതെന്ന അർഥത്തിൽ ഹിന്ദിയിൽ പറയുന്നത് ധ്വനിപ്പിച്ചുള്ള പരാമർശമാണ് ഒഴിവാക്കിയത്. പ്രധാനമന്ത്രി അതു പറഞ്ഞപ്പോൾ ആരും പ്രതിഷേധിച്ചില്ല. എന്നാൽ, പിന്നീട് പ്രതിപക്ഷത്തെ പലരും അധ്യക്ഷനെക്കണ്ട് പരാതിപ്പെട്ടിരുന്നു. മോദി സഭയുടെ അന്തസു താഴ്ത്തിയെന്ന് ഹരിപ്രസാദ് പറഞ്ഞു.