സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത ∙ ലോക്സഭാ സ്പീക്കറും മുതിർന്ന സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സോമനാഥിനു കഴിഞ്ഞദിവസം രക്തശുദ്ധീകരണത്തിനിടെ ഹൃദയാഘാതമുണ്ടായി. കൊൽക്കത്ത ഹൈക്കോടതിയിലും ബംഗാൾ നിയമസഭയിലും പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം മെഡിക്കൽ കോളജിനു കൈമാറി.

2008ൽ സിപിഎം അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. 2009ൽ സ്പീക്കർ സ്ഥാനമൊഴിഞ്ഞ ശേഷം സജീവരാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. 10 തവണ ലോക്സഭാംഗമായ ചാറ്റർജി പതിറ്റാണ്ടുകൾ പാർലമെന്റിൽ സിപിഎമ്മിന്റെ ഉറച്ച ശബ്ദവും തലയെടുപ്പുള്ള സാന്നിധ്യവുമായിരുന്നു. ഇന്ത്യ കണ്ട മികച്ച പാർലന്റേറിയന്മാരിലൊരാൾ. ദേശീയ, രാജ്യാന്തര വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും കാഴ്ചപ്പാടും നിറഞ്ഞ, നർമം കൂടി ചാലിച്ച അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പ്രശസ്തമായിരുന്നു. 2004 മുതൽ 2009 വരെയാണ് സ്പീക്കറായിരുന്നത്. ആ സ്ഥാനത്തെത്തുന്ന ആദ്യ കമ്യൂണിസ്റ്റ്. എതിരില്ലാതെയാണു തിരഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ, 2008ൽ ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിച്ചപ്പോൾ സ്പീക്കർ സ്ഥാനം രാജിവയ്ക്കാനുള്ള നിർദേശം അവഗണിച്ചതോടെ അദ്ദേഹത്തെ പാർട്ടി പുറത്താക്കി. സ്പീക്കർ സ്ഥാനം കക്ഷിരാഷ്ട്രീയത്തിന് അതീതമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാജിക്കു വിസമ്മതിച്ചത്. ലോക്സഭാ ടെലിവിഷൻ ചാനൽ ആരംഭിച്ചതും ശൂന്യവേളയുടെ തൽസമയ സംപ്രേഷണം തുടങ്ങിയതും സോമനാഥ് ചാറ്റർജി സ്പീക്കറായിരുന്നപ്പോഴാണ്. ബ്രിട്ടനിൽനിന്നു നിയമപഠനം പൂർത്തിയാക്കിയ സോമനാഥ്, ബർദ്വാൻ മണ്ഡലത്തിൽ നിന്നു സിപിഎം ടിക്കറ്റിൽ മത്സരിച്ച് 1971ൽ ആദ്യമായി ലോക്സഭയിലെത്തി. പിതാവ് നിർമൽ ചന്ദ്ര ചാറ്റർജി രണ്ടുതവണ സ്വന്ത്രനായി ജയിച്ച മണ്ഡലത്തിലത്തിലായിരുന്നു സോമനാഥിന്റെ കന്നിജയം.

1977ലും 80ലും ജാദവ്പുരിൽനിന്നു ജയിച്ച സോമനാഥിന് ഒരേയൊരു തവണ അടിതെറ്റിയതും അവിടെത്തന്നെയാണ് – 1984 ൽ കോൺഗ്രസിന്റെ യുവപോരാളി മമതാ ബാനർജി സോമനാഥിനെ അട്ടിമറിച്ചു. ബംഗാൾ രാഷ്ട്രീയത്തിൽ മമതയുടെ താരോദയം ആ വിജയത്തോടെയായിരുന്നു. 1985ൽ ബോൽപുർ മണ്ഡലത്തിൽനിന്ന് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു വീണ്ടും ലോക്സഭയിലെത്തിയ സോമനാഥ് പിന്നീട് ആറുതവണ കൂടി ഇതേമണ്ഡലത്തിൽ നിന്നു ജയിച്ചു. 1989–91, 1999–2004 കാലത്ത് സിപിഎമ്മിന്റെ ലോക്സഭയിലെ കക്ഷിനേതാവായി. ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ അടുത്ത സുഹൃത്തായിരുന്നു. 1996ൽ മികച്ച പാ‍ർലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ചു. ഒട്ടേറെ സഭാസമിതികളിൽ അധ്യക്ഷനും അംഗമായിരുന്നു. ബംഗാൾ വ്യവസായ വികസന കോർപറേഷൻ അധ്യക്ഷനായും പ്രവർത്തിച്ചു. ഭാര്യ രേണു. മക്കൾ: പ്രതാപ്, അനുരാധ, അനുശീല. ‌

ചെങ്കൊടി വേണ്ട, സിപിഎം ഓഫിസിലും കൊണ്ടുപോകേണ്ട: കുടുംബം

സോമനാഥ് ചാറ്റർജിയുടെ മൃതദേഹം കൊൽക്കത്തയിലെ സിപിഎം ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കാനും മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാനുമുള്ള പാ‍ർട്ടിയിലെ ഒരുവിഭാഗത്തിന്റെ അഭ്യർഥന കുടുംബാംഗങ്ങൾ നിരസിച്ചു. സിപിഎമ്മിൽനിന്നു പുറത്താക്കിയത് അച്ഛന് ഒരിക്കലും സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നു മകൾ അനുശീല ബസു പറഞ്ഞു. അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയ സിപിഎമ്മിന്റെ മുതിർന്ന നേതാവ് ബിമൻ ബോസിനെതിരെ സോമനാഥിന്റെ മകൻ പ്രതാപ് പൊട്ടിത്തെറിച്ചു.

മുതലക്കണ്ണീരൊഴുക്കാനെത്തിയ നേതാക്കളെ വീട്ടി‍ൽ കയറ്റില്ലെന്നും പ്രഖ്യാപിച്ചു. ബിമൻ ബോസിനെപ്പോലുള്ളവരാണ് സ്വാർഥതാൽപര്യങ്ങൾക്കായി ജീവിതകാലം മുഴുവൻ തന്റെ പിതാവിന്റെ ചോരയൂറ്റിയതെന്നു പ്രതാപ് പറഞ്ഞു. പ്രകാശ് കാരാട്ടിനെയും ഭാര്യ വൃന്ദ കാരാട്ടിനെയും ‘മിസ്റ്റർ ആൻഡ് മിസിസ് പ്രകാശ് കാരാട്ട്’ എന്നു പറഞ്ഞു പരാമർശിച്ച പ്രതാപ് അവർ ‘അപരിഷ്കൃതരായ മനുഷ്യരാ’ണെന്നും വിശേഷിപ്പിച്ചു. മുഹമ്മദ് സലീമിന്റെ പേരും അദ്ദേഹം എടുത്തുപറഞ്ഞു.