Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോമനാഥ് ചാറ്റർജിയുടെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Somnath Chatterjee സോമനാഥ് ചാറ്റർജി.

ന്യൂഡല്‍ഹി∙ ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുശോചിച്ചു. പാര്‍ലമെന്റിലെ ശക്തമായ സാന്നിധ്യമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും അദ്ദേഹത്തിന്റെ വിയോഗം ബംഗാളിനും രാജ്യത്തിനും കനത്ത നഷ്ടമാണു സൃഷ്ടിച്ചതെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ അതികായനായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിച്ചു. അശരണരുടെയും സാധാരണക്കാരുടെയും പാര്‍ലമെന്റിലെ ശബ്‌ദമായിരുന്നു ചാറ്റര്‍ജി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു.

എല്ലാവരാലും ബഹുമാനിക്കപ്പെട്ട മികച്ച പാർലമെന്റേറിയനായിരുന്നു സോമനാഥ് ചാറ്റർജിയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാഹുൽ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ അക്ഷീണം പ്രയത്നിച്ച മികച്ച പാർലമെന്റേറിയനായിരുന്നു സോമനാഥ് ചാറ്റർജിയെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അനുസ്മരിച്ചു. അശരണരുടെയും അടിസ്ഥാന വർഗത്തിന്റെയും നീതിക്കായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും പിബി പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തിന് അതിപ്രഗൽഭനായ പാര്‍ലമെന്‍റേറിയനെയാണു സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്‍റില്‍ ഇടുതപക്ഷത്തിന്‍റെ ഉറച്ച ശബ്ദമായിരുന്നു. നിര്‍ണായക ഘട്ടങ്ങളിലടക്കം ദീര്‍ഘകാലം അദ്ദേഹം പാര്‍ലമെന്‍റില്‍ സിപിഎമ്മിനെ നയിച്ചു. കേന്ദ്ര സര്‍ക്കാരുകളുടെ അനീതിയും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതില്‍ പാര്‍ലമെന്‍റിന്‍റെ വേദി അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചു. പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു സോമനാഥ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കറകളഞ്ഞ കമ്യൂണിസ്റ്റ് നേതാവായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ സിപിഎമ്മിന്റെ ശക്തനായ വക്താവായിരുന്നു. മികച്ച രാഷ്ട്രതന്ത്രജ്ഞന്‍, മികച്ച സ്പീക്കര്‍, സര്‍വോപരി ഹൃദയാലുവായ മനുഷ്യസ്നേഹി. മരണംവരെ തന്റെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയായിട്ടില്ലെന്നും വിഎസ് പറഞ്ഞു.

ഇന്ത്യ കണ്ട പ്രഗൽഭനായ പാർലമെന്റേറിയനെയാണു സോമനാഥ് ചാറ്റർജിയിലൂടെ നഷ്ടമായതെന്നു നിയമസഭാ മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ പറഞ്ഞു. പാർലമെന്റിനു സ്വതന്ത്രമുഖം നൽകിയ മികച്ച സ്പീക്കറായിരുന്നു അദ്ദേഹമെന്നും രാധാകൃഷ്ണൻ അനുസ്മരിച്ചു.

സോമനാഥ് ചാറ്റർജിയുടെ നിര്യാണത്തിൽ കോൺഗ്രസ് വി.എം.സുധീരൻ അനുശോചിച്ചു. ലോക്സഭാ സ്പീക്കർ പദവിയുടെ അന്തസ്സ് പൂർണമായി ഉയർത്തിപ്പിടിച്ച മാതൃകാ പാർലമെന്റേറിയനെയാണ് സോമനാഥ് ചാറ്റർജിയുടെ വേർപാടിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടതെന്നു സുധീരൻ പറഞ്ഞു.