Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലപാടുകളുടെ സൽക്കാരം; സോമനാഥ് ചാറ്റർജിയെ അനുസ്മരിച്ച് സീതാറാം യച്ചൂരി

Sitaram Yechuri

സീതാറാം യച്ചൂരി (സിപിഎം ദേശീയ സെക്രട്ടറി)

പാർലമെന്ററി ജനാധിപത്യത്തിനുവേണ്ടിയാണ് സോമനാഥ് ചാറ്റർജി നിലകൊണ്ടത്. മതനിരപേക്ഷ സർക്കാരുകളുടെ രൂപീകരണത്തിൽ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്, 1996ലും 2004ലും. ഡൽഹിയിൽ അദ്ദേഹത്തിന്റെ വീട് മതനിരപേക്ഷ കക്ഷിനേതാക്കളുടെ ഒത്തുചേരൽ വേദിയായിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയാണ് അദ്ദേഹം ശബ്ദമുയർത്തിയത്. പാർലമെന്ററി ജനാധിപത്യത്തിന്റെ നാലു തൂണുകളെ – മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹികനീതി, സാമ്പത്തിക സ്വാശ്രയത്വം – സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും അദ്ദേഹം താൽപര്യമെടുത്തു. സ്പീക്കർ എന്ന നിലയിൽ പാർലമെന്ററി പ്രക്രിയയെ ശക്തിപ്പെടുത്താൻ അദ്ദേഹം താൽപര്യമെടുത്തു.

പല ബില്ലുകളെയും മണി ബില്ലുകളെന്നു ലോക്സഭാ സ്പീക്കർ പ്രഖ്യാപിക്കുകയും അവ പരിഗണിക്കാൻ രാജ്യസഭയ്ക്കുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന കാലമാണിത്. പല നിയമഭേദഗതികളും ധനബില്ലിന്റെ ഭാഗമാക്കി തിരുകിക്കയറ്റുന്നു. സോമനാഥാണ് സ്പീക്കറെങ്കിൽ അദ്ദേഹം അത് അനുവദിക്കില്ലായിരുന്നു. ലോക്സഭയിൽ ‘ചോദ്യത്തിനു പണം’ വിവാദമുണ്ടായപ്പോൾ, സോമനാഥെടുത്ത നിലപാട് ശ്രദ്ധേയമാണ്. സ്വതന്ത്രമായി പ്രവർത്തിക്കാനും ആവശ്യമുള്ളപ്പോൾ അർധ ജുഡീഷ്യൽ സംവിധാനമായിരിക്കാനും നിയമനിർമാണ സഭകൾക്കു സാധിക്കുമെന്ന് അദ്ദേഹം ജുഡീഷ്യറിയോടു വ്യക്തമാക്കി. ഒപ്പം, തെറ്റു ചെയ്ത എംപിമാർക്കെതിരെ നടപടിയുമുറപ്പാക്കി. ജുഡീഷ്യറിയുടെയും സർക്കാരിന്റെയും കടന്നുകയറ്റത്തിൽനിന്നു നിയമനിർമാണ സഭകളെ സംരക്ഷിക്കാൻ അദ്ദേഹം ഉറച്ച നിലപാടുകളാണെടുത്തത്.

സിപിഎം കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ പാർട്ടിയുടെ സംഭാവനകൾ ഉറപ്പാക്കുന്നതിനും യജ്ഞിച്ചു. അദ്ദേഹത്തിന്റെ നർമബോധവും സൽക്കാര താൽപര്യവും എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്ന കക്ഷി നേതാക്കളൊക്കെയും അതിൽ പങ്കുപറ്റി. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു തൊട്ടുമുൻപ്, കൊൽക്കത്തയിൽവച്ചാണ് അവസാനം കാണുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. തീർത്തും അവശനായിരുന്നു. അപ്പോഴും നർമത്തിനു തെല്ലും കുറവില്ല. തനിക്കു ഭക്ഷണ നിയന്ത്രണമുള്ളപ്പോഴും മറ്റുള്ളവരെ സൽക്കരിക്കുന്നതിനു കുറവുണ്ടാകരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും തിരിച്ചുവരേണ്ടതിന്റെ ആവശ്യവുമാണ് അന്നും അദ്ദേഹത്തിന്റെ ആലോചനകളിലും വാക്കുകളിലും മുഖ്യവിഷയമായത്.