Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതികായൻ; സോമനാഥ് ചാറ്റർജി

Somnath-Chatterjee-wife സോമനാഥ് ചാറ്റർജിയും ഭാര്യയും.

പത്തു തവണയായി 38 വർഷം ലോക്സഭാംഗം, സ്പീക്കറായി അഞ്ചുവർഷം, 11 പ്രധാനമന്ത്രിമാരുമായി മുഖാമുഖം – സോമനാഥ് ചാറ്റർജിയുടെ പാർലമെന്ററി ജീവിതം ഏറ്റവും സവിശേഷമായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിയുടെ ചില ‘ചരിത്രപരമായ മണ്ടത്തരങ്ങൾ’ ഇല്ലായിരുന്നുവെങ്കിൽ ഏറ്റവും നിർണായകമായ വകുപ്പുകൾ ഭരിക്കുന്ന മന്ത്രിയാകുമായിരുന്നു സോമനാഥ്.

ഹെഡ്മാസ്റ്റർ

സോമനാഥിന്റെ സ്പീക്കർ കാലം പ്രക്ഷുബ്ധമായിരുന്നു. പ്രത്യേകിച്ചും പാർട്ടി അദ്ദേഹത്തെ പുറത്താക്കിയ സന്ദർഭത്തിൽ. എംപിയെന്ന നിലയിൽ ഇന്ദിരാഗാന്ധി മുതൽ അടൽ ബിഹാരി വാജ്പേയി വരെയുള്ള പ്രധാനമന്ത്രിമാർക്കെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണച്ച സോമനാഥ് ചാറ്റർജിക്ക്, മൻമോഹൻസിങ്ങിന് അനുകൂലമായ വിശ്വാസപ്രമേയം സ്പീക്കറെന്ന നിലയിൽ പാസായതായി പ്രഖ്യാപിക്കേണ്ടി വന്നത് ചരിത്രത്തിലെ കൗതുകകരമായ വൈരുധ്യമായിരുന്നു. കർക്കശക്കാരനായ ഹെഡ്മാസ്റ്ററെപ്പോലെയായിരുന്നു സ്പീക്കർ സോമനാഥ് ചാറ്റർജി. ലോക്സഭാ നടപടിക്രമങ്ങൾ അതിന്റെ എല്ലാ മികവോടെയും നടത്തിയെടുക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തു അദ്ദേഹം.

സ്നേഹഗംഭീരൻ

ആറടിയിലേറെ ഉയരം, ഒത്ത ശരീരം, മുഴക്കമുള്ള ശബ്ദം, ആധികാരികമായ അറിവ്. രൂപം കൊണ്ടും ധിഷണ കൊണ്ടും അതികായനായിരുന്നു അദ്ദേഹം. ക്ഷോഭവും പരിഹാസവും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അംഗങ്ങളെ പിടിച്ചിരുത്തുമായിരുന്നു. എന്നാൽ, പാർലമെന്റിൽ പ്രസംഗിക്കുകയോ പത്രസമ്മേളനങ്ങളിൽ സംസാരിക്കുകയോ ചെയ്യുമ്പോഴുള്ള ആളേ ആയിരിക്കില്ല വ്യക്തിപരമായി ഇടപെടുമ്പോൾ. അങ്ങേയറ്റം സ്നേഹമയൻ. ‘സോമനാഥ് ദാ’ (സോമേട്ടൻ) എന്ന് എല്ലാവരും വിളിച്ചു പോന്നു. മുതിർന്നവരോടും അധികാരസ്ഥാനത്തുള്ളവരോടും സംസാരിക്കുന്ന അതേ പ്രിയത്തോടെ പുതിയ അംഗങ്ങളോടും ഇടപെടാൻ അദ്ദേഹം ഇഷ്ടപ്പെട്ടു.

അഗ്നിസ്ഫുലിക്കുന്ന പ്രസംഗം പോലെതന്നെയായിരുന്നു ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും. അപാരമായ ഓർമശക്തിയായിരുന്നു സോമനാഥ് ചാറ്റർജിക്ക്. നിയമപുസ്തകങ്ങളിലെ ഭാഗങ്ങളും മുൻപു ചർച്ചകളിൽ ഉന്നയിക്കപ്പെട്ട വസ്തുതകളുമൊക്കെ അനായാസം ഓർത്തെടുത്ത് പ്രസംഗത്തിൽ ഉദ്ധരിക്കും. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു മറുപടി പറയാൻ മന്ത്രിമാ‍ർക്കു കൂടുതൽ ഹോംവർക്ക് ചെയ്യേണ്ടി വന്നു. ബ്രിട്ടിഷ് പാ‍ർലമെന്റിലെ അതികായന്മാരായിരുന്ന വിൻസ്റ്റൻ ചർച്ചിലിന്റെയും ക്ലമന്റ് ആറ്റ്ലിയുടെയുമൊക്കെ പ്രസംഗങ്ങളും സംവാദങ്ങളും പരിചയിച്ചിട്ടുള്ള സോമനാഥിന്റെ വാക്കുകളിലും അതു പ്രതിധ്വനിച്ചു.

ABDUL-KALAM-somnath-Manmohan എ.പി.ജെ. അബ്ദുൾകലാം, മൻമോഹൻ സിങ് എന്നിവർക്കൊപ്പം.

ബസു ദാ

ജീവിതത്തിൽ സോമനാഥ് ഏറ്റവുമധികം വിലമതിച്ചത് ജ്യോതി ബസുവിനെയായിരുന്നു. ഗുരുവും ആത്മമിത്രവുമായിരുന്നു ബസു. അദ്ദേഹത്തോട് സോമനാഥിന് എന്തും പറയാമായിരുന്നു. പരമ്പരാഗത കുടുംബപശ്ചാത്തലവും ഇംഗ്ലണ്ടിലെ വിദ്യാഭ്യാസവുമൊക്കെയുള്ള സോമനാഥ്, കമ്യൂണിസ്റ്റ് ആശയങ്ങളുടെ മണ്ണിൽ തന്നെയാണു വേരുറപ്പിച്ചുനിൽക്കുന്നതെന്ന് ബസു ഉറപ്പാക്കി. പാർലമെന്റിൽ സോമനാഥിന് ഗുരുവായതു പക്ഷേ, മറ്റൊരു ബസുവായിരുന്നു. ഇന്ദിരാഗാന്ധി സർക്കാരിനെ വിറപ്പിച്ചു പോന്ന ജ്യോതിർമയി ബസു. അദ്ദേഹത്തിൽനിന്നാണ് ചൂടും തീയും നിറഞ്ഞ പ്രസംഗരീതി സോമനാഥ് പഠിച്ചെടുത്തത്. ബംഗാൾ പാർട്ടി സെക്രട്ടറിയായിരുന്ന പ്രമോദ് ദാസ്ഗുപ്തയും സോമനാഥിനെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചു.

സോണിയയുടെ ഗുരു

പല പ്രധാനമന്ത്രിമാർക്കും നേതാക്കൾക്കും സോമനാഥും ഗുരുസ്ഥാനീയനായി– വി.പി. സിങ്, എച്ച്.ഡി. ദേവെഗൗഡ എന്നിവർക്കും പിന്നെ സോണിയ ഗാന്ധിക്കും. കോൺഗ്രസ് അധ്യക്ഷയും ലോക്സഭയിലെ പാർട്ടി നേതാവുമായി ചുമതലയേറ്റ സോണിയയ്ക്ക് പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കാനുള്ള പരിചയക്കുറവുണ്ടായിരുന്നു. ഒരിക്കൽ, കേരള ഹൗസിനടുത്തുള്ള സോമനാഥ് ചാറ്റർജിയുടെ വീട്ടിൽ നടന്ന അത്താഴവിരുന്നിൽ സോണിയ, സമാജ്‍വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെ പേരുവിളിച്ച് അഭിസംബോധന ചെയ്തത് മുലായത്തെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ വലംകയ്യായിരുന്ന അമർസിങ് ഇതു പ്രശ്നമാക്കുകയും ചെയ്തു. സോണിയ രാഷ്ട്രീയത്തിൽ പുതിയതാണെന്നും അവർക്കു കാര്യങ്ങൾ മനസ്സിലായി വരുന്നതേയുള്ളൂവെന്നും മുലായത്തെ ബോധ്യപ്പെടുത്തി മഞ്ഞുരുക്കിയത് സോമനാഥ് ചാറ്റർജിയാണ്.

പിന്നീട്, രാഷ്ട്രീയ മര്യാദകളും രീതീകളുമെല്ലാം സംബന്ധിച്ചു സോണിയയ്ക്ക് അദ്ദേഹം സ്റ്റഡിക്ലാസ് തന്നെ നൽകി. പ്രതിപക്ഷത്തെ ഓരോ കക്ഷികളുടെയും നേതാക്കളുടെ സ്വഭാവവും രീതികളുമെല്ലാം വിശദീകരിച്ചു. വാജ്പേയി സർക്കാരിനെതിരെയുള്ള കോൺഗ്രസ് നിലപാടുകളെ സോമനാഥ് ശക്തമായി പിന്തുണച്ചു. സോണിയയ്ക്ക് അതു നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. അതുകൊണ്ടു തന്നെ സോണിയയും അന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഡോ. മൻമോഹൻ സിങ്ങും സോമനാഥുമായി എക്കാലത്തും അടുപ്പം സൂക്ഷിച്ചുപോന്നു.

കാരാട്ടിന്റെ കണ്ണിലെ കരട്

കമ്യൂണിസ്റ്റ് നിലപാടുകൾക്കായി പാർലമെന്റിൽ നിലകൊണ്ട സോമനാഥിനെ പക്ഷേ, പാ‍ർട്ടി പരമോന്നത സമിതിയിൽ ഉൾപ്പെടുത്തിയില്ല. അദ്ദേഹത്തെക്കാൾ തിളക്കം കുറഞ്ഞവർ പോലും പൊളിറ്റ്ബ്യൂറോ അംഗങ്ങളായെങ്കിലും സോമനാഥ് അതിനു പുറത്തായിരുന്നു. പാർട്ടിയുടെ നയരൂപീകരണത്തിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ടായില്ല. സഖ്യസർക്കാരുകൾക്കു സിപിഎം പിന്തുണ നൽകിയ കാലത്തും സോമനാഥിനു പാർട്ടി കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ലെന്നതാണ് സത്യം, ഒരിക്കലൊഴികെ. നാലു ജനറൽസെക്രട്ടറിമാർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. പി. സുന്ദരയ്യയുടെ കാലത്ത് തീരെ ചെറുപ്പമായിരുന്നു. എന്നാൽ, ഇഎംഎസുമായി അദ്ദേഹം നല്ല ബന്ധം പുലർത്തി. 1989–90ൽ സിപിഎം പിന്തുണച്ച, ദേശീയമുന്നണിയുടെ പ്രധാനമന്ത്രി വി.പി സിങ്ങുമായി നയരൂപീകരണ ചർച്ചകൾക്കു സോമനാഥിനെ നിയോഗിച്ചത് ഇഎംഎസ് ആയിരുന്നു. അക്കാലത്ത്, എല്ലാ വ്യാഴാഴ്ചയും നാലു നേതാക്കളെ വി.പി സിങ് അത്താഴത്തിനു ക്ഷണിക്കുമായിരുന്നു– ബിജെപിയുടെ എ.ബി വാജ്പേയി, എൽ.കെ അഡ്വാനി, സിപിഐയുടെ ഇന്ദ്രജിത് ഗുപ്ത, പിന്നെ സോമനാഥ് ചാറ്റർജി.

സർക്കാരിന്റെ നയങ്ങളും അജൻഡയും ചർച്ച ചെയ്തത് ഈ അത്താഴവേളയിലായിരുന്നു. ഇംഎംഎസിനു ശേഷം ഹർകിഷൻ സിങ് സുർജിത് പാർട്ടി തലപ്പത്തെത്തിയപ്പോൾ രീതികൾ മാറി. ദേവെഗൗഡയും ഐ.കെ ഗുജ്റാളും പ്രധാനമന്ത്രിമാരായപ്പോൾ സുർജിത് ചർച്ചകൾക്കു നിയോഗിച്ചത് അന്ന് യുവ പിബി അംഗങ്ങളായിരുന്ന പ്രകാശ് കാരാട്ടിനെയും സീതാറാം യച്ചൂരിയെയുമായിരുന്നു. സോമനാഥ് പിന്തള്ളപ്പെട്ടു. എന്നാൽ, 1998– 2004 കാലത്ത്, ബിജെപി വിരുദ്ധ നിലപാടുകളുള്ള പാർട്ടികളുടെ നേതാക്കളുമായി സോമനാഥ് അടുപ്പം സൃഷ്ടിച്ചപ്പോൾ സുർജിത് ഇടപെട്ടുമില്ല. എന്നാൽ, കാരാട്ടിന് ഇതിൽ അതൃപ്തിയുണ്ടെന്ന് സോമനാഥിന് അറിയാമായിരുന്നു. എങ്കിലും, സുർജിത്തിന്റെ കാലശേഷം പാർട്ടിയിലെ പ്രാമുഖ്യത്തിനു വേണ്ടി കാരാട്ടിനോടു പൊരുതിനിൽക്കുകയായിരുന്ന യച്ചൂരി സോമനാഥിന് പിന്തുണ നൽകി.

അനുരഞ്ജനം ചെയ്യാതെ പാർട്ടി

ഒന്നാം യുപിഎ സർക്കാരിനെ സിപിഎം പുറത്തുനിന്നു പിന്തുണയ്ക്കാൻ തീരുമാനിച്ചപ്പോൾ, പൊതുമിനിമം പരിപാടി സംബന്ധിച്ച ചർച്ചയ്ക്കുള്ള പാർട്ടി സംഘത്തിൽ സോമനാഥ് ഇല്ലായിരുന്നു. സിപിഎമ്മിനെ സർക്കാരിൽ ചേരാൻ കോൺഗ്രസ് ക്ഷണിച്ചെങ്കിലും നിരസിച്ചു. അതോടെ, സ്പീക്കർ സ്ഥാനത്ത് സോമനാഥ് ചാറ്റർജി വേണമെന്ന് കോൺഗ്രസ് നിർബന്ധം പിടിച്ചു. അങ്ങനെ അദ്ദേഹം ആദ്യത്തെ ‘കമ്യൂണിസ്റ്റ് സ്പീക്കറാ’യി. പാർട്ടിയിൽ കാരാട്ടിൽനിന്ന് അകന്നുനിന്ന സോമനാഥ്, ജ്യോതി ബസു, യച്ചൂരി എന്നിവരുമായി സജീവബന്ധം നിലനിർത്തി.

2008ൽ യുപിഎ സർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിച്ചപ്പോൾ, പാർട്ടിയിൽ മാന്യമായ അനുരഞ്ജനം അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ, കാരാട്ട് അടക്കമുള്ള കടുംപിടിത്തക്കാർ വിട്ടുവീഴ്ചകൾക്കു തയാറായില്ല. സോമനാഥ് പാർട്ടിക്കു പുറത്തായി. പതിറ്റാണ്ടുകൾ നീണ്ട പാർലമെന്ററി ജീവിതത്തിന്റെ അനുഭവസമ്പത്തുണ്ടായിട്ടും പാർട്ടിയിലോ രാജ്യത്തോ പരമോന്നത പദവികളിൽ അദ്ദേഹം എത്തിയില്ലെന്നതു ശരിയാണ്. എങ്കിലും ജീവിതത്തിലെയും നിലപാടുകളിലെയും ഔന്നത്യം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിൽ മായ്ക്കാനാകാത്ത മുദ്ര ചാർത്തിയാണു സോമനാഥ് മടങ്ങുന്നത്.

related stories