Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭാ മുൻ സ്പീക്കറും ഇടത് നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു

Somnath Chatterjee സോമനാഥ് ചാറ്റർജി.

കൊൽക്കത്ത ∙ വൃക്കരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടർന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു.

PTI7_19_2015_000103B സോമനാഥ് ചാറ്റർജി, സീതാറാം യച്ചൂരി (ഫയൽ ചിത്രം)

40 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം സുഖപ്പെട്ടതിനെ തുടർന്നു വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ചൊവ്വാഴ്ച വീണ്ടും ആ‌ശുപത്രിയിലെത്തിയ അദ്ദേഹം ശനിയാഴ്ച മുതൽ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണു കഴിഞ്ഞിരുന്നത്. പത്തു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതൽ 2009 വരെ സ്പീക്കറായി പ്രവർത്തിച്ചു. യുപിഎ സർക്കാരിനു സിപിഎം പിന്തുണ പിൻവലിച്ചതിനെ തുടർന്നു സ്പീക്കർ പദവിയിൽനിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ൽ പാർട്ടി പുറത്താക്കി.

IND2386B സോമനാഥ് ചാറ്റർജി, മൻമോഹൻ സിങ്, എൽ.കെ.അഡ്വാനി (ഫയൽ ചിത്രം)

യുപിഎ സർക്കാരിനു നൽകിവന്ന പിന്തുണ ആണവക്കരാർ വിഷയത്തെച്ചൊല്ലി സിപിഎം പിൻവലിച്ചപ്പോൾ സ്‌പീക്കർസ്‌ഥാനം രാജിവയ്‌ക്കാൻ സോമനാഥ് തയാറായില്ല. തുടർന്നാണു പുറത്താക്കിയത്. പാർട്ടിയിലേക്കു തിരിച്ചുവരാൻ തനിക്കു മോഹമുണ്ടെന്നും താൻ പാർട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സോമനാഥ് ചാറ്റർജി സിപിഎമ്മിനു വീണ്ടും അഭിമതനായി മാറുന്നുവെന്നും സൂചനകളുണ്ടായിരുന്നു.

IND1280B സോമനാഥ് ചാറ്റർജിയും മൻമോഹൻ സിങ്ങും (ഫയൽ ചിത്രം)

ഇടതു പാർട്ടികളുടെ അപചയത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാർട്ടികൾ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കൽപ്പിക്കാൻപോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകൾക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റർജി വിമർശിച്ചു. പാർട്ടിയിലുള്ളവരുടെ മനസ്സു മാറാതെ താൻ തിരികെ പാർട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞു.

IND1791A.JPG സോമനാഥ് ചാറ്റർജി, എം.കരുണാനിധി, സോണിയ ഗാന്ധി (ഫയൽ ചിത്രം)

രാജ്യത്തെ പരമോന്നത നിയമനിർമാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേൽക്കാതിരിക്കാനാണു ഭരണഘടനയ്‌ക്ക് ഒപ്പം നിന്നുകൊണ്ടു നിർണായക തീരുമാനമെടുക്കാൻ താൻ നിർബന്ധിതനായതെന്നാണു സ്പീക്കർ പദവി വിവാദത്തോട് ചാറ്റർജി പ്രതികരിച്ചത്. വിശ്വാസ വോട്ടിൽ സ്‌പീക്കർ പദം രാജിവച്ചു യുപിഎ സർക്കാരിനെതിരെ നിലകൊള്ളാൻ സിപിഎം സോമനാഥിനു മേൽ സമ്മർദംചെലുത്തിയിരുന്നു. എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന താൻ പാർട്ടി തീട്ടൂരങ്ങൾക്ക് അതീതനാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

INDIA എ.പി.ജെ.അബ്ദുൽ കലാം, സോമനാഥ് ചാറ്റർജി, മൻമോഹൻ സിങ് (ഫയൽ ചിത്രം)