നാലുവരിയിൽ സിപിഎമ്മിന്റെ ഔദ്യോഗിക അനുശോചനം; സീതാറാം യച്ചൂരി ചടങ്ങുകളിൽ പങ്കെടുത്തു

ന്യൂഡൽഹി ∙ മുൻ ലോക്സഭാ സ്പീക്കർ‍ സോമനാഥ് ചാറ്റർജി അന്തരിച്ചെന്ന വിവരം പുറത്തുവന്നു നാലുമണിക്കൂറിനുശേഷം സിപിഎം നാലുവരി പ്രസ്താവനയിറക്കി. പാർട്ടിയുമായി സോമനാഥിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി പ്രസ്താവനയിൽ പരാമർശമില്ല. 1973ൽ പാർട്ടിയിൽ ചേർന്ന സോമനാഥ് കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ‘മുൻ സ്പീക്കറും 10 തവണ ലോക്സഭാംഗവുമായിരുന്ന സോമനാഥ് ചാറ്റർജിയുടെ നിര്യാണത്തിൽ പാർ‍ട്ടി പൊളിറ്റ് ബ്യൂറോ ദുഃഖം പ്രകടിപ്പിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളായ മതനിരപേക്ഷതയും ഫെഡറലിസവും മറ്റും സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച തലമുതിർന്ന പാർലമെന്റേറിയനായിരുന്നു സോമനാഥ്.

മികച്ച അഭിഭാഷകനായിരുന്ന അദ്ദേഹം, നീതി ലഭ്യമാക്കാൻ തൊഴിലാളിവർഗത്തിന്റെയും അധഃസ്ഥിതരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും പിബി അനുശോചനം അറിയിക്കുന്നു’– പാർട്ടി കേന്ദ്ര നേതൃത്വം ‘സോമനാഥ് ചാറ്റർജി’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ പ്രസ്താവനയിലുള്ളത് അത്രമാത്രം. എന്നാൽ, സോമനാഥിന്റെ മരണാനന്തര ചടങ്ങുകളിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുത്തു. മരണവിവരം പുറത്തുവന്ന് ഏറെ വൈകാതെ പാർട്ടി ബംഗാൾ ഘടകം ട്വിറ്ററിലൂടെ അനുശോചിച്ചു. പിബി അംഗം മുഹമ്മദ് സലിം, തനിക്ക് പിതൃതുല്യനായ വ്യക്തിയായിരുന്നു സോമനാഥെന്നു ട്വീറ്റ് ചെയ്തു.