പ്രതിപക്ഷ ഐക്യത്തോട് ഏറ്റുമുട്ടി ബിജെപി പിന്നിലാകും; കോൺഗ്രസ്

ന്യൂഡൽഹി ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവില്ലെന്ന് ഇതിനകം ഉറപ്പായെന്നു കോൺഗ്രസ് വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപു തന്നെ പ്രതിപക്ഷ ഐക്യവും എൻഡിഎയുടെ പരാജയവും ഉറപ്പിക്കാനാവുമെന്നും പാർട്ടി കരുതുന്നു. 

പാർട്ടി നേതൃത്വത്തിന്റെ ചില നിഗമനങ്ങൾ:

∙ വ്യക്തിപരമായി മോദിയുടെ പരാജയമായിരിക്കും അടുത്ത തിരഞ്ഞെ‌ടുപ്പ്. യുപിയിലും ബിഹാറിലും രൂപപ്പെടുന്ന പ്രതിപക്ഷ സഖ്യങ്ങളുമായുള്ള പോരാട്ടത്തിൽ ബിജെപി ഏറെ പിന്നിൽ പോകും, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസും കോൺഗ്രസ് സഖ്യവും വൻ മുന്നേറ്റമുണ്ടാക്കും. ഒറ്റയ്ക്കു ഭൂരിപക്ഷം നേടാനാവാത്ത മോദിക്കു സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കില്ല. അ‌ദ്ദേഹത്തെ മാറ്റിനിർത്തുകയെന്നതാവും അവരുടെ ആദ്യ ആവശ്യം. 

∙ ബിജെപിക്കുണ്ടാകുന്ന നഷ്ടം ദക്ഷിണേന്ത്യയിൽനിന്നോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നോ നികത്താനാവില്ല. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസും സഖ്യവും മെച്ചപ്പെട്ട പ്രകടനം നടത്തും. 

∙ തിരഞ്ഞെടുപ്പിനു ശേഷം ഒന്നാമത്തെ കക്ഷിയാകാൻ തന്നെ ബിജെപി ബുദ്ധിമുട്ടുന്ന സാഹചര്യമാണു തെളിയുന്നത്. വിവിധ സം‌സ്ഥാനങ്ങളിൽ ബി‌ജെപി ഇതിനകം പരമാവധി സീറ്റുകളിൽ എത്തിനിൽക്കുന്നതും മോദിയുടെ ജനസ്വാധീനം കുറഞ്ഞതുമാണു കാരണം. 

∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വിനയായതു തൊഴിലില്ലായ്മ. അടുത്ത തവണ ബിജെപിക്കു മുന്നിൽ ചോദ്യമുയർത്തുന്നതും അതു തന്നെയാവും. യുവ ഇന്ത്യയുടെ പ്രതീക്ഷയ്ക്കൊപ്പമുയരുകയെന്ന വെല്ലുവിളിയാണ് ഇനി അധികാരത്തിലെത്തുന്ന സർക്കാരുകളും നേരിടേണ്ടി വരികയെന്നും കോൺഗ്രസ് കരുതുന്നു. 

കേരള സന്ദർശനം വേണ്ടെന്നുവച്ചത്: രാഹുൽ

ന്യൂഡൽഹി ∙ കേരളം സന്ദർശിക്കാൻ ആഗ്രഹമുണ്ടെങ്കിലും വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രളയദുരന്തത്തെക്കുറിച്ച് ആദ്യ റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ സംസ്ഥാനത്തെത്താൻ താൽപര്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി സംസ്ഥാന ഘടകം നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഊർജിതമായി നടക്കുന്ന രക്ഷാപ്രവർത്തനത്തെ മന്ദീഭവിപ്പിക്കാനല്ലാതെ ഇപ്പോൾ തന്റെ സന്ദർശനം കൊണ്ടു കാര്യമായ പ്ര‌യോജനമുണ്ടാവില്ലെന്നു രാഹുൽ ‌പറഞ്ഞു.