പ്രസംഗത്തിനിടെ മൈക്ക് ഓഫായി; അമിത് ഷായെ ‘പഴിച്ച്’ രാഹുൽ

രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിന് അമിത് ഷായെ പഴിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു മുന്നേറുന്നതിനിടയിൽ രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തി ഉഗ്രശബ്ദത്തോടെ മൈക്ക് പണിമുടക്കുകയായിരുന്നു. മൈക്കിൽ നിന്നാണു ശബ്ദമെന്നു മനസ്സിലാക്കാതെ സുരക്ഷാ സന്നാഹം രാഹുലിനെ വലയം വച്ചതു കാഴ്ചക്കാർക്കിടയിൽ അൽപനേരത്തേക്കു പരിഭ്രാന്തി പരത്തി. മൈക്ക് ശരിയായതോടെയാണു രാഹുൽ തമാശ രൂപേണ അമിത് ഷായെ പഴിച്ചത്. ബിജെപിക്കെതിരെ സംസാരിക്കുന്നതു മനസ്സിലാക്കി അമിത് ഷാ മൈക്ക് ഓഫാക്കിയെന്നായിരുന്നു രാഹുലിന്റെ തമാശ. പ്രതിപക്ഷ ഐക്യ സന്ദേശം ഒരിക്കൽക്കൂടി വിളിച്ചോതി പ്രതിപക്ഷ പാർട്ടികളുടെ ദേശീയ നേതാക്കൾ അണിനിരന്ന സാഞ്ച് വിരാസത്ത് സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

കോൺഗ്രസ് മുക്ത ഭാരതം സ്വപ്നംകാണുന്ന ബിജെപിയെ പോലെ, ബിജെപി മുക്ത ഭാരതമല്ല കോൺഗ്രസ് ലക്ഷ്യമെന്നും വ്യത്യസ്ത ചിന്താധാരകളാണു രാജ്യത്തു വേണ്ടതെന്നും രാഹുൽ പറഞ്ഞു. രാജ്യമെന്ന സ്വർണപ്പക്ഷിയെ ജയിലിൽ തളയ്ക്കാനാണു ബിജെപി ശ്രമം. എന്നാൽ, അതിനു പ്രതിരോധം തീർക്കുകയാണു പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. സ്വാതന്ത്ര്യദിനത്തിൽ ബിജെപി ആസ്ഥാനത്തുയർത്തിയ പതാക നിലത്തു വീണതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു രാഹുൽ വീണ്ടും വിമർശനം ഉന്നയിച്ചത്. ദേശീയപതാക പോലും സുരക്ഷിതമായി കൈകാര്യം ചെയ്യാത്ത പാർട്ടി എങ്ങനെ രാജ്യത്തെ കൈകാര്യം ചെയ്യുമെന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യനീക്കങ്ങൾക്കു കരുത്തു പകർന്ന സമ്മേളനത്തിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി, എൻസിപി നേതാവ് താരിഖ് അൻവർ, മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ജെഡിയു നേതാവ് ഡാനിഷ് അലി, ഡിഎംകെ നേതാവ് തൃച്ചി ശിവ തുടങ്ങി പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒന്നടങ്കം എത്തി.