ലൈംഗികാതിക്രമ കേസ് പിൻവലിച്ചില്ല, മധ്യപ്രദേശിൽ പെൺകുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

x-default

സിയോണി∙ ലൈംഗികാതിക്രമ കേസ് പിൻവലിക്കാൻ വിസമ്മതിച്ച ഇരയായ പെൺകുട്ടിയെ ആരോപണവിധേയനായ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം. 23 കാരിയായ പെൺകുട്ടി കോളജിലേക്ക് പോകുമ്പോൾ വഴിയിൽ കാത്തിരുന്ന അനിൽ മിശ്ര എന്ന യുവാവ് മുടിയിൽ പിടിച്ചിഴച്ച് കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മിശ്രയ്ക്കതിരെ പെൺകുട്ടി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി മിശ്ര പല തവണ സമീപിച്ചെങ്കിലും പെൺകുട്ടി നിരസിക്കുകയായിരുന്നു. ഇതേതുടർന്നായിരുന്നു ആക്രമണം.

പെൺകുട്ടി പഠിച്ചിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് ഗവൺമെന്‍റ് ഗേൾസ് കോളജിനു മുന്നിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാർ മിശ്രയെ തള്ളിമാറ്റി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസ് പിൻവലിക്കാൻ തയ്യാറാകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.