ബിജെപി വിരുദ്ധത നിറഞ്ഞ് കരുണാനിധി സ്മൃതി; പഴയ സഖ്യം ഓർമിപ്പിച്ച് ഗഡ്കരി

ചായ ആകാം, ചായ്‌വ് വേണ്ട: ചെന്നൈയിൽ കരുണാനിധി അനുസ്മരണസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു ചായ കൊടുക്കുന്ന ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും സഹോദരി കനിമൊഴി എംപിയും. മുൻ പ്രധാനമന്തി എച്ച്.ഡി.ദേവെഗൗഡ സമീപം. വേണ്ടെന്നു പറഞ്ഞെങ്കിലും കനിമൊഴിയുടെ നിർബന്ധത്തിനു വഴങ്ങി ഗഡ്കരി ചായ കുടിച്ചു. മതനിരപേക്ഷത കാത്തു സൂക്ഷിക്കാൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന സ്റ്റാലിന്റെ നിലപാടിനെ ബിജെപി തമിഴ്നാട് ഘടകം വിമർശിച്ചിരുന്നു. ചിത്രം: വിബി ജോബ് ∙ മനോരമ

ചെന്നൈ∙ ഡിഎംകെ സംഘടിപ്പിച്ച കരുണാനിധി അനുസ്മരണ സമ്മേളനം ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മതനിരപേക്ഷ സഖ്യത്തിനുള്ള ആഹ്വാന വേദിയായി. ബിജെപിയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത വേദിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം ബിജെപി വിരുദ്ധ സഖ്യത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞു.  എൻഡിഎയുടെ ഭാഗമായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രസംഗത്തിൽ രാഷ്ട്രീയം പരാമർശിച്ചതേയില്ല. ഡിഎംകെ അധ്യക്ഷനും കരുണാനിധിയുടെ മകനുമായ എം.കെ.സ്റ്റാലിൻ യോഗത്തിൽ പ്രസംഗിച്ചില്ല.

കേന്ദ്രത്തിലെ വാജ്പേയി സർക്കാരിൽ ഡിഎംകെ പങ്കാളിയായിരുന്നെന്ന് ഓർമിപ്പിച്ച ഗഡ്കരി, കരുണാനിധി ബിജെപിയെ തൊട്ടുകൂടാത്ത പാർട്ടിയായി കണ്ടിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പ്രസംഗത്തിനു പിന്നാലെ വേദി വിടുകയും ചെയ്തു.ബിജെപിയുമായി സഖ്യത്തിലായിരുന്നപ്പോഴും സ്വന്തം ആദർശങ്ങൾ അടിയറവയ്ക്കാൻ തയാറായില്ലെന്നതാണു കരുണാനിധിയുടെ മഹത്വമെന്നു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സിപിഎം, സിപിഐ, ജനതാദൾ (എസ്), തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, നാഷനൽ കോൺഫറൻസ്, തെലുങ്കുദേശം പാർട്ടി നേതാക്കൾ പങ്കെടുത്തു.

തിരിച്ചെടുത്താൽ സ്റ്റാലിനെ അംഗീകരിക്കാം: അഴഗിരി

എം.കെ.സ്റ്റാലിനെതിരായ കലാപത്തിൽ ഡിഎംകെയിലും കുടുംബത്തിലും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതായതോടെ സഹോദരൻ എം.കെ.അഴഗിരി അടവു മാറ്റി. പാർട്ടിയിൽ തിരിച്ചെടുത്താൽ സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കാൻ തയാറാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ ഒരുമിച്ചു പ്രവർത്തിക്കുമെന്നും അഴഗിരി പറഞ്ഞു. അഞ്ചിനു ചെന്നൈയിൽ പ്രഖ്യാപിച്ച മഹാറാലിയുമായി മുന്നോട്ടു പോകും. തന്നെയും അനുയായികളെയും തിരിച്ചെടുത്തില്ലെങ്കിൽ ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.