രാഹുലിന്റെ കൈലാസയാത്രാ ചിത്രങ്ങളെ ചൊല്ലി ബിജെപി – കോൺഗ്രസ് വാക്പോര്

ന്യൂഡൽഹി∙ കൈലാസ–മാനസസരോവർ തീർഥയാത്രയ്ക്കിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ ഗൂഗിളിൽ നിന്നെടുത്തശേഷം ഫോട്ടോഷോപ് നടത്തി കൃത്രിമം കാട്ടിയവയാണെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പരിഹാസം. രാഹുലിന്റെ ശാരീരികക്ഷമതയെ വെല്ലാൻ ആരുണ്ടെന്ന മറുപടിയുമായി കോൺഗ്രസ് രംഗത്തുവന്നതോടെ തീർഥയാത്രയെച്ചൊല്ലി ഭരണ–പ്രതിപക്ഷ കക്ഷികളുടെ വാക്പോര് കൊഴുത്തു.

‘തീർഥാടനത്തിനിടെ രാഹുൽ പങ്കുവച്ച ചിത്രങ്ങൾ ഗൂഗിളിൽ നിന്നെടുത്തതാണ്. എഴുതി തയാറാക്കിയ പ്രസംഗങ്ങൾ വായിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. ഗൂഗിളിൽ നിന്നു പടങ്ങൾ പകർത്തുന്ന തീർഥാടകനെ ആദ്യമായാണു കാണുന്നത്’ – ഗിരിരാജ് സിങ് ട്വിറ്ററിൽ കുറിച്ചു. ബിജെപിയുടെ ഐടി സെൽ ചുമതലക്കാരായ അമിത് മാളവ്യ, പ്രീതി ഗാന്ധി എന്നിവരും രാഹുലിനെ പരിഹസിച്ചു രംഗത്തു വന്നു.

പിന്നാലെ ട്വിറ്ററിൽ കോൺഗ്രസിന്റെ മറുപടിയെത്തി – ‘തീർഥാടനത്തിനിടെ രാഹുൽ 46,433 ചുവടുവച്ചു, 463 മിനിറ്റിൽ 34.31 കിലോമീറ്റർ നടന്നു; 4466 കാലറി വിനിയോഗിച്ചു. ഇതിനൊപ്പം നിൽക്കാൻ ആർക്കു സാധിക്കും?’ വാർത്തയിൽ ഇടംലഭിക്കാൻ വേണ്ടി മാത്രമാണു ഗിരിരാജ് സിങ് ഇത്തരം പരിഹാസ പരാമർശങ്ങൾ നടത്തുന്നതെന്നു കോൺഗ്രസ് വക്താവ് ആർ.പി.എൻ.സിങ് പറഞ്ഞു.