പറ്റുന്ന വാഗ്ദാനങ്ങൾ മാത്രം; പ്രകടപത്രികയിലേക്ക് കോൺഗ്രസ്

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിനു 100 ദിവസം മുൻപ് പ്രകടനപത്രിക പുറത്തിറക്കാൻ കോൺഗ്രസ് തയാറെടുക്കുന്നു. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനം മാത്രം ഉൾപ്പെടുത്തിയ പ്രകടനപത്രിക മതിയെന്നാണു തീരുമാനം. ഒപ്പം നരേന്ദ്ര മോദി വാഗ്ദാനങ്ങളിൽ പലതും നടപ്പാക്കിയിട്ടില്ലെന്ന പ്രചാരണം ശക്തമാക്കും. പതിവു വിഷയങ്ങൾക്കു പുറമെ, വ്യക്തിസ്വാതന്ത്ര്യം, ലൈംഗികസമത്വം എന്നിവ ഉൾപ്പെടുത്തും.

മോദി സർക്കാരിനു കീഴിൽ രാജ്യത്തു വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഉൾപ്പെടുത്തേണ്ട വാഗ്ദാനങ്ങൾ നിർദേശിക്കാനുള്ള ചുമതല ശശി തരൂർ എംപിക്കാണ്. പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമല്ലെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണു ലൈംഗിക സമത്വത്തിനായുള്ള കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തുന്നത്.

മധ്യവരുമാനക്കാരെയും ജീവനക്കാരെയും കേന്ദ്രീകരിച്ചുള്ള വിവിധ പദ്ധതികളും ചേർക്കും. ആരോഗ്യം, ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള വാഗ്ദാനങ്ങൾ കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ തയാറാക്കും.