ബിജെപി: അമിത് ഷാ തുടരും

മുന്നോട്ട്: ഡൽഹിയിൽ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ.അഡ്വാനി എന്നിവർ. ചിത്രം ∙ പിടിഐ

ന്യൂഡൽഹി ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കാൻ അമിത് ഷാ. അടുത്ത ജനുവരിയിൽ പാർട്ടി അധ്യക്ഷസ്ഥാനത്ത് കാലാവധി അവസാനിക്കുമെങ്കിലും ലോക്സഭാ തിര‌ഞ്ഞെടുപ്പുവരെ അദ്ദേഹം തുട‌‌രുമെന്നു പാർ‌ട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. ഷായുടെ നേതൃത്വത്തിനു തൽക്കാലം ഒരു കോണിൽ നിന്നും വെ‌ല്ലുവിളിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകയ്യെന്ന പദവിക്കും ഇളക്കമില്ല. 

ജനക്ഷേമ പദ്ധതികളുടെ കരുത്തിൽ‌ അടുത്ത തിരഞ്ഞെടുപ്പിലും അധികാരം പിടിക്കുകയെന്ന ആഹ്വാനത്തോടെ പാർട്ടി ദേശീയ നിർവാഹക സമിതിക്ക് തുടക്കമായി. കർഷക, ദലിത്, പിന്നാക്ക വിഭാഗങ്ങളെ കൂടെനിർത്തി വിജയം ആവർത്തിക്കുന്നതിനുള്ള മാർഗരേഖ പാർട്ടി അധ്യക്ഷൻ അമിത് ഷാ മുന്നോട്ടുവച്ചു. 

ദക്ഷിണേന്ത്യയിൽ കൂടി ചുവടുറപ്പിക്കാൻ പാർട്ടിക്കു കഴിയുമെന്ന ആത്മവിശ്വാസമാണ് അമിത് ഷാ ഉദ്ഘാടന പ്രസംഗത്തിൽ പ്രകടിപ്പിച്ചത്. പ്രതിപക്ഷ രാഷ്ട്രീയം സൃഷ്ടിപരമല്ലെന്നും മഹാസഖ്യം നടക്കാൻ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.