നാഷനൽ ഹെറാൾഡ് കേസ്: രാഹുലിന്റെയും സോണിയയുടെയും ഹർജി തള്ളി

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസ് എന്നിവർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

2011–12ൽ തങ്ങൾ നികുതി റിട്ടേൺ സമർപ്പിച്ചതിന്റെ വിശദാംശങ്ങൾ പുനഃപരിശോധിക്കാനുള്ള നീക്കത്തിൽനിന്നു നികുതി വകുപ്പിനെ തടയണമെന്നാവശ്യപ്പെട്ടുള്ള മൂവരുടെയും ഹർജികളാണു ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, എ.കെ.ചാവ്‌ല എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയത്.

ദിനപത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരി അവകാശവും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ ക്രമക്കേട് ആരോപിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണു കോടതിയെ സമീപിച്ചത്. 2010 മുതൽ കമ്പനിയുടെ ഡയറക്ടർ പദവി വഹിക്കുന്ന രാഹുൽ അക്കാര്യം മറച്ചുവച്ചുവെന്നാണു നികുതി വകുപ്പിന്റെ വാദം.