ജയ്റ്റ്ലി–മല്യ: കൂടിക്കാഴ്ച 20 മിനിറ്റ്, നിന്നും ഇരുന്നും ചർച്ച; ‘സാക്ഷി’മൊഴിയുമായി കോൺഗ്രസ്

ന്യൂഡൽഹി∙ വിജയ് മല്യയുടെ വെളിപ്പെടുത്തൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കച്ചമുറുക്കി കോൺഗ്രസ്. സാമ്പത്തിക കുറ്റവാളിയായ മല്യയെ രാജ്യംവിടാൻ സഹായിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർലമെന്റിൽ വച്ചു കണ്ടപ്പോൾ ഒരു വാചകം മാത്രമാണു മല്യയോടു പറഞ്ഞതെന്നും ദീർഘ ചർച്ച നടത്തിയില്ലെന്നുമുള്ള ജയ്റ്റ്ലിയുടെ വാദം കളവാണെന്ന് ആരോപിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചു.

കോൺഗ്രസ് വക്താവ് നടത്താനിരുന്ന വാർത്താസമ്മേളനത്തിൽ അവസാന നിമിഷം മാറ്റം വരുത്തി, നേരിട്ടു രംഗത്തിറങ്ങിയ രാഹുൽ ബിജെപിക്കെതിരായ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 2016 മാർച്ച് ഒന്നിനു ജയ്റ്റ്ലിയും മല്യയും പാർലമെന്റിലെ സെൻട്രൽ ഹാളിൽ 20 മിനിറ്റ് ചർച്ച നടത്തിയതിനു കോൺഗ്രസ് രാജ്യസഭാംഗം പി.എൽ. പുനിയ സാക്ഷിയാണെന്നു രാഹുൽ പറഞ്ഞു.

ഹാളിൽ മാറിനിന്ന് അഞ്ചു മിനിറ്റോളം ചർച്ച നടത്തിയ ഇരുവരും പിന്നീട് കസേരയിലിരുന്നും സംഭാഷണം തുടർന്നു. തൊട്ടടുത്ത ദിവസം താൻ രാജ്യം വിടുകയാണെന്നു മല്യ അന്നു വെളിപ്പെടുത്തിയെങ്കിലും അക്കാര്യം സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, പൊലീസ് എന്നിവയെ ജയ്റ്റ്ലി അറിയിച്ചില്ല. രാജ്യംവിടാൻ സഹായിക്കുന്നതിനു മല്യയുമായി ധനമന്ത്രി ഒത്തുകളിച്ചു.

വിമാനത്താവളത്തിൽ മല്യയ്ക്കെതിരായ സിബിഐയുടെ ലുക്ക് ഒൗട്ട് നോട്ടിസ് മാറ്റി റിപ്പോർട്ട് നോട്ടിസ് ആക്കിയത് ജയ്റ്റ്ലിയുടെ അറിവോടെയാണ്. ഇതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം ലഭിച്ചിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണം. മല്യയെ സഹായിച്ചതിൽ കേന്ദ്ര സർക്കാരിനുള്ള പങ്കു പുറത്തുകൊണ്ടുവരാൻ നിയമപരമായ എല്ലാ കാര്യങ്ങളും കോൺഗ്രസ് ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.

സെൻട്രൽ ഹാളിലെ കൂടിക്കാഴ്ച സ്ഥിരീകരിക്കാൻ അവിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സർക്കാരിനെ പുനിയ വെല്ലുവിളിച്ചു.

രാഷ്ട്രീയ പ്രചാരണായുധം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബിജെപിക്കെതിരെ അടുത്തമാസം രണ്ടു മുതൽ വീടുകൾ കയറിയിറങ്ങി നടത്താനിരിക്കുന്ന പ്രചാരണത്തിലെ മുഖ്യ വിഷയങ്ങളിലൊന്നായിരിക്കും മല്യയുടെ വെളിപ്പെടുത്തലെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. റഫാൽ, നോട്ട് നിരോധനം, ജിഎസ്ടി എന്നിവയായിരിക്കും മറ്റു വിഷയങ്ങൾ.