ബന്ധുക്കളെ തിരുകിക്കയറ്റരുതെന്ന് ബിജെപി മുഖ്യമന്ത്രിമാർക്ക് നിർദേശം

ന്യൂഡൽഹി∙ ബന്ധുക്കൾക്കു സ്ഥാനാർഥിത്വം നൽകുന്നതും ഭരണത്തിൽ കൈകടത്താൻ അവസരമുണ്ടാക്കുന്നതും ഒഴിവാക്കാൻ ആവശ്യപ്പെട്ടു ബിജെപിയിൽ നരേന്ദ്രമോദിയുടെ പെരുമാറ്റച്ചട്ടം. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ ഇക്കാര്യത്തിൽ കനത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് ബിജെപി മുഖ്യമന്ത്രിമാർക്കും നേതാക്കൾക്കും മോദി നൽകിയിരിക്കുന്നത്. 

കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ കുടുംബവാഴ്ചയെന്ന നിലയിൽ കടന്നാക്രമിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയായാണ് മോദിയുടെ ജാഗ്രതയെന്നാണ് വിലയിരുത്തൽ. ഒരേ കുടംബത്തിനു വേണ്ടി ഏഴു പതിറ്റാണ്ടിലേറെയായി അധ്വാനിക്കുന്ന കോൺഗ്രസ് പ്രവർത്തകരെയോർത്തു സഹതാപമുണ്ടെന്നു കഴിഞ്ഞദിവസം മോദി പരിഹസിച്ചിരുന്നു. 

പാർട്ടിയിലും സർക്കാരിലും ഉടലെടുക്കുന്ന വിവാദങ്ങൾക്കു തടയിടുക കൂടിയാണ് മോദിയുടെ ലക്ഷ്യം. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വിദേശയാത്രകൾ പോകരുതെന്ന നിർദേശവുമുണ്ട്. വിദേശയാത്രകൾ തന്നെ അറിയിച്ചു മതിയെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്. 

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പഴ്സനൽ സ്റ്റാഫിൽ ബന്ധുക്കൾ വേണ്ട. പാർട്ടിയെ പ്രതിരോധത്തിലേക്കു തള്ളിയിടുന്ന പരാമർശങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കണം. കഴിവു മാനദണ്ഡമാക്കിയാകണം സ്ഥാനാർഥി നിർണയം. ലംഘിച്ചാൽ കര്‍ശന നടപടി ഉണ്ടാവും.  

ആശ്രിതർക്കു പാർട്ടി ടിക്കറ്റ് നൽകേണ്ട ഘട്ടത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രത്യേക അനുമതി വാങ്ങണമെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്.