തീരുവ കുറയ്ക്കില്ല; ഇന്ധന വില വർധനയിൽ ആശ്വാസമില്ല

ന്യൂഡൽഹി∙ നികുതി വരുമാനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതിനാലും ഓഹരി വിൽപന ലക്ഷ്യം കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലും ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായി നിലനിർത്താനാവുമെന്ന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അരുൺ ജയ്റ്റ്ലി. എന്നാൽ, വർധിച്ചുവരുന്ന ഇന്ധനവില കുറയ്ക്കുന്നതിനായി നികുതി കുറച്ച് ജനത്തിന് ആശ്വാസമേകുന്നതു സംബന്ധിച്ച് എന്തെങ്കിലും പറയാൻ അദ്ദേഹം തയാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന സാമ്പത്തിക അവലോകനത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ജിഡിപി വളർച്ച 7 –7.5 % ആകുമെന്ന പ്രതീക്ഷയ്ക്ക് നികുതി വരുമാനം ശക്തി പകരുന്നതായി ജയ്റ്റ്ലി പറഞ്ഞു. റെക്കോർഡിട്ട ഇന്ധന വിലയിൽ ആശ്വാസമേകുന്നതിനായി എക്സൈസ് നികുതിയിൽ ചെറിയ കുറവു വരുത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും യോഗത്തിൽ ചർച്ച ചെയ്തതായി പോലും ധനമന്ത്രി പറഞ്ഞില്ല.