ജനം എന്റെ യജമാനൻ: പ്രധാനമന്ത്രി; വാരാണസിയിൽ 550 കോടിയുടെ പദ്ധതികൾക്കു തുടക്കം

നരേന്ദ്ര മോദി

വാരാണസി∙ തന്റെ ലോക്സഭാ മണ്ഡലത്തിൽ 550 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ജനങ്ങളാണ് തന്റെ യജമാനനെന്നും ഹൈക്കമാൻഡെന്നും പറഞ്ഞു. മുൻകാലങ്ങളിൽ ‘ദൈവത്തിന്റെ കരുണ’യ്ക്കു വിട്ടുകൊടുക്കപ്പെട്ടിരുന്ന വാരാണസി നഗരത്തെ നാലു വർഷം കൊണ്ട് അടിമുടി മാറ്റിയെടുത്തുവെന്ന് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ മോദി പറഞ്ഞു.

തലയ്ക്കു മുകളിൽ കുരുങ്ങിക്കിടക്കുന്ന വൈദ്യുതക്കമ്പികളുടെ നഗരമായിരുന്നു വാരാണസി. അവ ഭൂഗർഭകേബിളുകളാക്കി മാറ്റി. ലോകോത്തര സംവിധാനങ്ങളോടു കൂടി വാരാണസിയെ കിഴക്കൻ ഇന്ത്യയുടെ മുഖ്യകവാടമാക്കി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ മേഖലാ നേത്രചികിൽസാപഠന കേന്ദ്രത്തിനും തറക്കല്ലിട്ടു.