ഗോവ സർക്കാർ വിശ്വാസവോട്ട് തേടണം: കോൺഗ്രസ്

മനോഹർ പരീക്കർ (ഫയൽ ചിത്രം)

പനജി ∙ ഗോവയിൽ മനോഹർ പരീക്കർ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നു ഗവർണർ മൃദുല സിൻഹയോട് കോൺഗ്രസ് ആവശ്യപ്പെട്ടു. നിയമസഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് തേടാൻ ബിജെപിയെ പാർട്ടി വെല്ലുവിളിക്കുകയും ചെയ്തു. ചികിൽസയ്ക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രി പരീക്കർക്കു പകരം ആളെ പ്രഖ്യാപിക്കുന്ന നിമിഷം പല ബിജെപി എംഎൽഎമാരും രാജിവയ്ക്കുമെന്നു ഗോവ കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ചോഡങ്കർ പറഞ്ഞു. ബിജെപിയുടെ 14 എംഎൽഎമാരെയും ഒന്നിച്ചണിനിരത്താൻ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ആശുപത്രിയിലാണ്. ഒരു എംഎൽഎ സ്പീക്കറാണ്. ബിജെപിക്കു ബാക്കിയുള്ളതു 10 എംഎൽഎമാർ മാത്രം. 16 എംഎൽഎമാരുള്ള കോൺഗ്രസ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സർക്കാരിനെഗവർണർ പിരിച്ചുവിടുകയാണു ചെയ്യേണ്ടത്. സഖ്യകക്ഷികൾ പരീക്കറെയാണ്, ബിജെപിയെയല്ല പിന്തുണയ്ക്കുന്നത്.

സ്ഥലത്തില്ലാതിരുന്ന ഗവർണർ തിരികെയെത്തിയ ഉടൻ നേരിട്ടുകണ്ടാണു കോൺഗ്രസ് എംഎൽഎമാർ അഭ്യർഥന നടത്തിയത്. നിയമസഭ പിരിച്ചുവിടരുതെന്നും സർക്കാരുണ്ടാക്കാൻ തങ്ങളെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു നേരത്തേ നിവേദനം നൽകിയിരുന്നെങ്കിലും അപ്പോൾ ഗവർണർ സ്ഥലത്തുണ്ടായിരുന്നില്ല.