പ്രധാനമന്ത്രി മോദിക്ക് യുഎൻ പരിസ്ഥിതി പുരസ്കാരം

ന്യൂയോ‍ർക്ക്∙ ഐക്യരാഷ്ട്രസംഘടനയുടെ ‘ചാംപ്യൻസ് ഓഫ് ദി ഏർത്ത്’ പരിസ്ഥിതി പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കും. സൗരോർജ സഖ്യത്തിനു നേതൃത്വം നൽകിക്കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ പുതിയ മേഖലകൾക്കു പ്രോൽസാഹനം നൽകിയതിനാണു പുരസ്കാരം. 6 വിഭാഗങ്ങളിലുള്ളവർക്കാണു പുരസ്കാരം. ഇതിൽ നയരൂപീകരണത്തിനും നേതൃത്വത്തിനുമുള്ള വിഭാഗത്തിലാണ് മോദിയും മക്രോയും ജേതാക്കളായത്.

സൗരോർജ സഖ്യത്തിന് (ഇന്റർനാഷനൽ സോളർ അലയൻസ്, ഐഎസ്എ) 2015 ൽ പാരിസിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ വച്ച് മോദിയും ഫ്രഞ്ച് പ്രസിഡന്റും ചേർന്നാണു തുടക്കമിട്ടത്. 121 രാജ്യങ്ങൾ അംഗങ്ങളാണ്. സൗരോർജ ഉപയോഗം കൂട്ടി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യം. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് മോദിയുടെ പദ്ധതികളും യുഎൻ എടുത്തു പറഞ്ഞു.

സൗരോർജം ഉപയോഗിച്ചു മാതൃകയായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനാണു സംരംഭകത്വ വിഭാഗത്തിലെ പുരസ്കാരം. പൂർണമായി സൗരോർജം ആശ്രയിച്ചു പ്രവർത്തിക്കുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളമെന്ന ബഹുമതി കൊച്ചിക്കാണ്.