ബംഗാളിൽ ആരുടെ കൂടെ? തീരുമാനം സംസ്ഥാന ഘടകത്തിനു വിട്ട് രാഹുൽ

രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ബംഗാളിലെ സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി സംസ്ഥാന ഘടകത്തിനു വിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബംഗാൾ ഘടകം അധ്യക്ഷൻ സോമേന്ദ്രനാഥ് മിത്രയുടെ നേതൃത്വത്തിലുള്ള സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സഖ്യസാധ്യതകൾ രാഹുൽ ആരാഞ്ഞു.

തൃണമൂൽ, സിപിഎം കക്ഷികളിൽ ആരുമായി സഖ്യത്തിലേർപ്പെടണമെന്ന കാര്യത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ തർക്കം തുടരുകയാണ്. തൃണമൂലിനൊപ്പം നിന്നാൽ മാത്രമെ കോൺഗ്രസ്സിനു വിജയ സാധ്യതയുള്ളൂവെന്നാണ് മിത്രയുടെ വാദം. ബംഗാളിൽ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന തൃണമൂലിനൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നും സിപിഎമ്മിനൊപ്പം സഖ്യം വേണമെന്നുമാണ് മുൻ സംസ്ഥാന പ്രസിഡന്റും പ്രചാരണ വിഭാഗം മേധാവിയുമായ അധീർ രഞ്ജൻ ചൗധരിയുടെ നിലപാട്. സംസ്ഥാന തലത്തിൽ തർക്കം പരിഹരിച്ച ശേഷം, ഉചിത തീരുമാനമെടുക്കാൻ രാഹുൽ നിർദേശിച്ചതായാണു സൂചന.

അതേസമയം, കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ചു തൃണമൂലും സിപിഎമ്മും മനസ്സു തുറന്നിട്ടില്ല. ഈ മാസം 17നു നടക്കുന്ന ദുർഗാപൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഹുൽ കൊൽക്കത്ത സന്ദർശിക്കുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ക്ഷേത്ര സന്ദർശനങ്ങളിലൂടെ സ്വീകരിച്ച മൃദുഹിന്ദുത്വ നയം ബംഗാളിലും തുടരാനുള്ള ഒരുക്കത്തിലാണു രാഹുൽ. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമതാ ബാനർജിയും സംസ്ഥാനത്തെ ബിജെപി നേതാക്കളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സാഹചര്യത്തിൽ, ദുർഗാപൂജ വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കം കൂടിയാകുമെന്നാണു സൂചന.