തുല്യതാ സർട്ടിഫിക്കറ്റ്: ഇളവിനു ശ്രമമെന്ന് സുഷമ സ്വരാജ്

ന്യൂഡൽഹി ∙ യുഎഇയിൽ അധ്യാപകരായി ജോലി നോക്കുന്നവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയിൽ ഇളവു വരുത്തുന്നതിനു നയതന്ത്ര നടപടികൾ സ്വീകരിച്ചു വരികയാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നിബന്ധന ഒട്ടേറെ മലയാളി അധ്യാപകർക്കു പ്രതിസന്ധി സൃഷ്ടിച്ചതു ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ എംപി നൽകിയ കത്തിനുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യമറിയിച്ചത്.

തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പഠിച്ച സർവകലാശാലയിൽനിന്നുള്ള സർട്ടിഫിക്കറ്റിനു പുറമെ, റഗുലർ കോഴ്സാണു പഠിച്ചതെന്ന രേഖ കൂടി നിർബന്ധമാക്കിയതാണു പ്രശ്നകാരണം. പ്രൈവറ്റായി പഠിച്ചു സർവകലാശാലകളിൽനിന്നു ബിരുദം നേടിയവർക്ക് ഈ രേഖ ഹാജ‌രാക്കാൻ എളുപ്പമല്ല. കോഴ്സിന്റെ സ്വഭാവം സാക്ഷ്യപ്പെടുത്താൻ അധികാരമുള്ള സ്ഥാപനങ്ങളില്ലാത്തതാണു പ്രശ്നം.