Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനക്കയറ്റ നയം പരിഷ്കരിക്കാൻ നീക്കം; കരസേനയിൽ പ്രതിഷേധം

ന്യൂഡൽഹി∙ ഓഫിസർമാരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ കരസേനാംഗങ്ങൾക്കിടയിൽ പ്രതിഷേധം. കേണൽ റാങ്കിലേക്കു സ്ഥാനക്കയറ്റം കിട്ടാത്ത നോൺ എംപാനൽഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പരിഷ്കരിക്കാനാണ് ആലോചിക്കുന്നത്. വാർഷിക പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകാനുള്ള നീക്കത്തിനെതിരെ ഏതാനും ഉദ്യോഗസ്ഥർ രംഗത്തെത്തി. 15 – 16 വർഷം സേവന പരിചയമുള്ളവർക്കാണു ലഫ്. കേണൽ റാങ്കിൽനിന്ന് കേണൽ പദവിയിലേക്കു സ്ഥാനക്കയറ്റം നൽകുന്നത്. എന്നാൽ, ഒഴിവുകൾ കുറവായതിനാൽ ലഫ്. കേണൽ റാങ്കിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം ലഭിക്കില്ല. ഇവരെയാണു നോൺ എംപാനൽഡ് ഗണത്തിൽപ്പെടുത്തുന്നത്.

26 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ഇവർക്കു കേണൽ പദവിയിലേക്കു സ്വാഭാവികമായി സ്ഥാനക്കയറ്റം നൽകുകയാണു നിലവിലെ രീതി. എന്നാൽ, 26 വർഷം പൂർത്തിയാക്കിയാലും സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ഇവരെ വാർഷിക അവലോകനത്തിനു വിധേയരാക്കാനുള്ള നീക്കമാണു പ്രതിഷേധത്തിനിടയാക്കുന്നത്. നോൺ എംപാനൽഡ് വിഭാഗത്തിൽ ഏഴായിരത്തോളം ഉദ്യോഗസ്ഥരാണു സേനയിലുള്ളത്. പതിനഞ്ചാം വർഷം സ്ഥാനക്കയറ്റം നൽകാത്ത തങ്ങളെ കൂടുതൽ ദ്രോഹിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നു ലഫ്. കേണൽ റാങ്കിലുള്ള ഏതാനും ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. ഇക്കാര്യത്തിൽ വിവിധ സേനാ കമാൻഡുകളുടെ അഭിപ്രായം തേടിയ ശേഷമേ തുടർ നടപടി സ്വീകരിക്കൂവെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.