റഫാൽ: 284 കോടിയുടെ കോഴ ആരോപണവുമായി രാഹുൽ

ന്യൂഡൽഹി∙ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്കു റഫാൽ യുദ്ധവിമാന നിർമാതാക്കളായ ഡാസോ ഏവിയേഷൻ കൈമാറിയ 284 കോടി രൂപ കോഴയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആക്രമണം കടുപ്പിച്ചു. കോഴ ഇടപാടിലെ ആദ്യ ഗഡുവാണിതെന്നും ഈ തുക ഉപയോഗിച്ചാണു റിലയൻസ് സംയുക്ത സംരംഭത്തിനായി ഭൂമി വാങ്ങിയതെന്നുമാണ് ആരോപണം. റിലയൻസ് എയർപോർട്ട് ഡവലപ്പേഴ്സ് ലിമിറ്റഡ് (ആർഎഡിഎൽ) എന്ന കമ്പനിയിൽ ഡാസോ നിക്ഷേപം നടത്തിയെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു പുതിയ ആരോപണം.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു (എച്ച്എഎൽ) ഭൂമിയില്ലായിരുന്നുവെന്നും റിലയൻസിനു ഭൂമിയുണ്ടായിരുന്നതിനാൽ അവരെ ഓഫ്സെറ്റ് പങ്കാളിയാക്കിയെന്നുമാണു ഡാസോ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഡാസോ നൽകിയ തുക ഉപയോഗിച്ചു ഭൂമി വാങ്ങിയ റിലയൻസിന് പിന്നാലെ ഓഫ്സെറ്റ് കരാർ നൽകുകയായിരുന്നുവെന്നാണു രാഹുലിന്റെ ആരോപണം. അന്വേഷണം നടന്നാൽ പിടിക്കപ്പെടുമെന്നറിയാവുന്ന മോദി ഉറക്കമില്ലാത്ത രാത്രികൾ നേരിടുകയാണ്.

അനിൽ അംബാനിയും മോദിയും കൂട്ടുകച്ചവടം നടത്തുകയാണ്. ഇടപാട് അന്വേഷിക്കാനൊരുങ്ങിയതിനാലാണ് സിബിഐ മേധാവി അലോക് വർമയെ സർക്കാർ ഒഴിവാക്കിയതെന്നും രാഹുൽ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പ്രകടനം നടത്തി.