സുരക്ഷയും നിലവാരവും; റോഡുകൾക്കും റാങ്കിങ്

ന്യൂഡൽഹി∙ റോഡുകൾക്കു സുരക്ഷിതത്വ, നിലവാര വിലയിരുത്തൽ വരുന്നു. പ്രധാന എക്സ്പ്രസ്‌വേകൾ, ദേശീയപാതകൾ, സാമ്പത്തിക ഇടനാഴികൾ എന്നിവയ്ക്കു റാങ്കിങ് ഏർപ്പെടുത്താൻ ദേശീയപാത അതോറിറ്റിയാണു തയാറെടുക്കുന്നത്. 

നഗരങ്ങൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും ഏർപ്പെടുത്തിയ സ്വച്ഛതാ റാങ്കിങ് ജനപ്രീതി നേടിയതിനു പിന്നാലെയാണു റോഡ് റാങ്കിങ്. 

ഡൽഹി – വഡോദര, ആഗ്ര – മുംബൈ, മുംബൈ – കൊൽക്കത്ത സാമ്പത്തിക ഇടനാഴികളിലായിരിക്കും ആദ്യ പഠനവും റാങ്കിങ്ങും. പിന്നാലെ മറ്റു പ്രധാന ദേശീയപാത, എക്സ്പ്രസ്‌വേ പദ്ധതികളിലേക്കും  വ്യാപിപ്പിക്കും. 

സുരക്ഷിതത്വം, അപകടങ്ങളോടുള്ള സത്വരപ്രതികരണം, വഴിയോര സൗക‌ര്യങ്ങൾ, തടസ്സമില്ലാത്ത യാത്ര, നിർമാണ നിലവാരം, ഗതാഗതം മുടക്കാത്ത ടോൾ പ്ലാസകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിഗണിച്ചാണു റോഡ് നിലവാരം നിശ്ചയിക്കുക. റോഡിന്റെ മികവു കരാറുകാരുടെ മികവിന്റെ കൂടി മാനദണ്ഡമാകും. 

ദേശീയപാത നിർമാണലക്ഷ്യം 15,000 കിലോമീറ്റർ

ഈ സാമ്പത്തിക വർഷം ദേശീയപാത നിർമാണലക്ഷ്യം 15,000 കിലോമീറ്ററായി സർക്കാർ പുതുക്കി നിശ്ചയിച്ചു. ഇതു നേടാനായാൽ പ്രതിദിനം 40 കിലോമീറ്റർ പാതയെന്ന ലക്ഷ്യത്തിലെത്താം. 2017–18ൽ പ്രതിദിനം 27 കിലോമീറ്ററാണു പൂർത്തിയാക്കാനായത്. 

എസ്ബിഐയുമായി 25,000 കോടി രൂപയുടെ വായ്പാധാരണയുണ്ടാക്കിയതും ഭൂമിയേറ്റെടുക്കൽ വേഗത്തിലായതും നിർമാണവേഗം കൂട്ടിയിട്ടുണ്ട്.  62,000 കോടി രൂപയാണു ഈ വർഷം ദേശീയപാത അതോറിറ്റി റോഡ് നിർമാണത്തിനു ചെലവിടുക. 

ഈ വർഷം പ്രതിദിന ‘ലെയ്ൻ കിലോമീറ്റർ’ 94ലെത്തുമെന്നും ദേശീയപാത അതോറിറ്റി കരുതുന്നു. പല ലെയിനുകളിലായി ദേശീയപാത നിർമിക്കുന്നതു കൊണ്ടാണു ‘ലെയ്ൻ കിലോമീറ്റർ’ വർധിക്കുന്നത്. 4 വരി പാത ഒരു കിലോമീറ്റർ നിർമിച്ചാൽ 4 ലെയ്ൻ കിലോമീറ്ററാകും.