Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം അനുഭവം മുൻനിർത്തി ഇവർ പറയുന്നു: ജീവൻ മുഖ്യം

thudaram-subhayathra

ദൈവം തുണയായ യാത്ര; സീറ്റ്ബെൽറ്റും

അൽഫോൻസ് കണ്ണന്താനം (കേന്ദ്രമന്ത്രി)

മൂന്നുതവണ തലകുത്തി മറിഞ്ഞ സ്കോർപിയോയിൽനിന്ന് ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടയാളാണു ഞാൻ. അതിനു രണ്ടേരണ്ടു കാരണമേയുള്ളു. ഒന്ന്, ദൈവാനുഗ്രഹം. മറ്റൊന്നു കൃത്യമായി സീറ്റ് ബെൽറ്റിട്ടിരുന്നു. എംഎൽഎയായിരിക്കെ 2010ൽ അരൂരിനടുത്തായിരുന്നു ആ അപകടം. റോഡിലെ നിയമത്തിന്റെ കാര്യത്തിൽ കണിശത പുലർത്തുന്നയാളാണു ഞാൻ. രാത്രി 12നും രാവിലെ അഞ്ചിനും ഇടയിൽ റോഡ് ഗതാഗതം ഞാൻ പൂർണമായും ഒഴിവാക്കാറുണ്ട്. ആ സമയം ഉറങ്ങാനുള്ളതാണ്. വാഹനമോടിക്കുമ്പോൾ ഉറക്കം വന്നാൽ അൽപനേരം ഉറങ്ങിയശേഷം യാത്ര തുടരണമെന്നതു പോലുള്ള ഉപദേശങ്ങൾ കേൾക്കാറുണ്ട്. അതിനുപോലും തുനിയരുത്.  

കോട്ടയം കലക്ടറായിരുന്ന കാലത്തു ൈലസൻസിന് അപേക്ഷിച്ച ഭാര്യയ്ക്കു ലൈസൻസ് അനുവദിക്കരുതെന്നു പറഞ്ഞയാളാണ് ഞാൻ. ഡ്രൈവിങ് കൃത്യമായി പഠിച്ചുവെന്നുറപ്പിച്ച  ശേഷമാണ് ലൈസൻസ് നേടിയത്. ജീവിതത്തിൽ സാഹസികത വേണമെന്നൊക്കെ പറയാറുണ്ടെങ്കിലും റോഡിൽ ഒരിക്കലും അതു പാടില്ല.

അത് എനിക്കൊരു പാഠമായി

സന്ദേശ് ജിങ്കാൻ (രാജ്യാന്തര ഫുട്ബോളർ)

14 വയസ്സുള്ളപ്പോൾ ഞാനൊരു ബൈക്ക് അപകടത്തിൽപെട്ടു. കാര്യമായി പരുക്കേറ്റു. ഹെൽമറ്റ് വച്ചിട്ടുണ്ടായിരുന്നില്ല. ആ പ്രായത്തിൽ എനിക്കു വലിയ തിരിച്ചറിവുണ്ടായിരുന്നില്ല. 

പക്ഷേ, ആ അപകടം വലിയൊരു പാഠമായി. അതിനുശേഷം ഇന്നുവരെ ഞാൻ ഇരുചക്രവാഹനം ഓടിച്ചിട്ടില്ല. ഫുട്ബോളർ എന്ന നിലയ്ക്ക് എന്റെ കാലുകൾ വിലപ്പെട്ടതാണ്. കാലുകൾക്കു കേടുപറ്റാൻ ഏറ്റവുമധികം സാധ്യതയുള്ളതാണു ബൈക്ക് യാത്ര എന്നതുകൊണ്ടുകൂടിയാണ് ഇരുചക്രവാഹനം ഓടിക്കില്ല എന്നു തീരുമാനിച്ചത്. 

കൊച്ചിയിലെ ഒരു ഫുട്ബോൾ ക്ലബ്ബിലെ മൂന്നു കൗമാര താരങ്ങൾ ഇക്കഴിഞ്ഞ നാലു വർഷത്തിനിടെ, വ്യത്യസ്ത റോഡപകടങ്ങളിൽ മരിച്ചതായി അറിഞ്ഞു. വേദനാജനകം എന്നേ പറയാനുള്ളൂ. 

കൗമാരപ്രതിഭകൾ കളിക്കളത്തിൽ മാത്രമല്ല, അതിനു പുറത്തുള്ള ജീവിതത്തിലും അച്ചടക്കം പാലിക്കണം, നിയമങ്ങൾ കർശനമായി പാലിക്കണം. അതുതന്നെയാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗം.

വീട്ടിൽ തളച്ചിട്ട അപകടം

ടോമി സിറിയക് (നാറ്റ്പാക് മുൻ സീനിയർ റിസർച് ഓഫിസർ)

എത്രയൊക്കെ ശ്രദ്ധിച്ചിട്ടും മറ്റുള്ളവരുടെ അശ്രദ്ധമായ ഡ്രൈവിങ്ങിന് ഇരയാകേണ്ടി വന്ന അനുഭവത്തിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. ജൂണിലാണ്, കുടുംബവുമൊത്തു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കരുനാഗപ്പള്ളിക്കു സമീപത്തുവച്ചു കെഎസ്ആർടിസി ബസുമായി എന്റെ കാർ കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് കാറിൽ വന്നിടിക്കുകയായിരുന്നു. മരണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും, അപകടം എന്നെ നൂറു ദിവസമായി വീട്ടിൽ തളച്ചിട്ടിരിക്കുന്നു. ഗുരുതര പരുക്കേറ്റെങ്കിലും സീറ്റ്ബെൽറ്റും എയർബാഗും തുണച്ചതിനാൽ വൻ ദുരന്തമൊഴിവായി. 

നാറ്റ്പാക്കിൽ ഇരുന്നുകൊണ്ടു റോഡ് വികസനത്തിനുവേണ്ടി എത്ര പഠനം നടത്തി? എത്ര ചർച്ചകൾ നടത്തി? ദേശീയപാതകൾ നാലുവരിയാക്കാനുള്ള എത്ര ശാസ്ത്രീയപഠനങ്ങൾ നടത്തി. അതൊന്നും സമയബന്ധിതമായി നടപ്പാക്കാൻ കഴിയാത്തതിന്റെ രക്തസാക്ഷിയായി ഞാനും. 

പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കുകൂടി കേരളത്തിലെ അപകടങ്ങൾ വിരൽ ചൂണ്ടുന്നുണ്ട്.

വാഹനം വരുത്തിവച്ചത്

ജെ. അരവിന്ദ്(മുൻ നാവികസേനാ ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ സുരക്ഷാസേനാ അംഗവും)

10 വർഷം മുൻപ് വിശാഖപട്ടണത്തുവച്ച് റോഡപകടത്തിന് ഇരയായ ഞാൻ, രണ്ടുവർഷം സൈനിക ആശുപത്രികളിൽ കഴിഞ്ഞശേഷം വീൽചെയറിലാണ് ജീവിതത്തിലേക്കു തിരികെയെത്തിയത്. തകരാറുള്ള വാഹനമോടിച്ചതാണ് അപകടം വരുത്തിവച്ചത്. ഇന്ത്യയിൽ എവിടെയായാലും, സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളാണ് ദുരന്തമുണ്ടാക്കുന്നത്. അപകടത്തെ തുടർന്ന് എനിക്കു സേനയിൽനിന്നു പിരിയേണ്ടിവന്നു. വീൽചെയറിലിരുന്ന് നിയമബിരുദവും ബിരുദാനന്തരബിരുദവും എടുത്തു. പക്ഷേ, വീൽചെയറിൽ കഴിയുന്നവന് യോഗ്യതയ്ക്ക് അനുസരിച്ചുള്ള പണിചെയ്യാൻ ഇവിടെ സാഹചര്യമില്ലല്ലോ? 

ഇപ്പോൾ തലസ്ഥാനത്തെ ഒരു എൻജിഒയിൽ ജോലിചെയ്യുന്നു. വീൽചെയറിൽ ആണെങ്കിലും ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്നുണ്ട്. കാറിലാണ് യാത്രയെങ്കിൽ ഉറങ്ങാതെ ഡ്രൈവറോടു സംസാരിച്ചിരിക്കും; ഒരു അപകടംകൂടി അതിജീവിക്കാനുള്ള ശക്തിയില്ല എന്ന ബോധംകൊണ്ട്.

പിൻസീറ്റിലും ബെൽറ്റ്: എ.കെ.ശശീന്ദ്രൻ, ഗതാഗത മന്ത്രി 

കാറുകളുടെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന കാര്യം ആലോചിക്കും. ഇരുചക്രവാഹനപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്കുകളുടെ വായ്പാരീതിയിൽ മാറ്റം വരണം. ഇതു കേന്ദ്രസർക്കാരുമായി ചർച്ചചെയ്യും. 

നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത് ആലോചിക്കാൻ റോഡ് സുരക്ഷാ അതോറിറ്റി യോഗം ഉടൻ ചേരും. മനോരമ പരമ്പരയിലൂടെ ഉയർത്തിക്കൊണ്ടുവന്ന വിവരങ്ങൾ ജനങ്ങളുടെ കണ്ണുതുറപ്പിക്കുമെന്നാണു പ്രതീക്ഷ. 

നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നു സർക്കാർ പരിശോധിക്കുന്നതു തന്നെ തെറ്റാണ് എന്ന വിമർശനമാണു പലപ്പോഴും ഉയരുന്നത്. നിയമലംഘനം പിടികൂടിയാൽ അവരെ വിട്ടയയ്ക്കാൻ ജനപ്രതിനിധികൾക്കുമേൽ സമ്മർദമുണ്ടാകുന്നു.

കണ്ണുതുറന്നു കാണാം: സക്കറിയ

കേരളത്തിലെ പാതകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു കുടുംബകൂട്ടക്കൊലകളുടെ ഒരു നല്ല പങ്കു സംഭവിക്കുന്നത് രാത്രിയാണ്. 

രാത്രിനീളെ വണ്ടിയോടിക്കാനുള്ള തീരുമാനം വ്യക്തിസ്വാതന്ത്ര്യമാണ്. അതിനെപ്പറ്റി ചോദ്യമില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നവർക്ക് ഉറക്കത്തെയും ക്ഷീണത്തെയും നേരിടാൻ മാനസികവും ശാരീരികവുമായ ഒരുക്കം ഉണ്ടോ എന്നു വ്യക്തമല്ല. കാരണം, കണ്ണ് മിന്നായംപോലെ ഒന്നടഞ്ഞാൽ, മൃത്യു വണ്ടി പിടിച്ചടക്കുന്നു.  

ബാലഭാസ്കറിനും കുടുംബത്തിനുമുണ്ടായ ദുരന്തത്തെ മറ്റുള്ളവർക്ക് ഒരു പാഠമായി ചൂണ്ടിക്കാണിക്കുന്നതു ക്രൂരമാണ്. പക്ഷേ, മലയാളി കുടുംബങ്ങൾ അതു കണ്ണുതുറന്നു കാണുന്നതു നല്ലതാണ്.