Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ കരാർ: പാരിസ് പ്രഖ്യാപനം വിദേശകാര്യ സെക്രട്ടറി അറിയാതെ

Rafale Fighter Plane

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന കരാർ പ്രഖ്യാപനം പാരിസിൽ നടന്നത് വിദേശകാര്യ സെക്രട്ടറി പോലും അറിയാതെ. കരാർ പ്രഖ്യാപിക്കുന്നതിനു 2 ദിവസം മുൻപു വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ പറഞ്ഞത് ഫ്രഞ്ച് കമ്പനിയും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായി (എച്ച്എഎൽ) ചർച്ച നടക്കുന്നുവെന്നാണ്. പ്രധാനമന്ത്രിയുടെ പാരിസ് സന്ദർശനത്തിൽ സുരക്ഷാമേഖലയിലെ വിശാലചിത്രമാണു ചർച്ചയാവുകയെന്നും ജയ്ശങ്കർ പറഞ്ഞിരുന്നു. റഫാൽ കരാർ അജണ്ടയിലില്ലെന്നതിന്റെ സൂചനയായിരുന്നു ഇത്. എന്നാൽ, 2015 ഏപ്രിൽ 10ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസ് സന്ദർശിച്ചപ്പോൾ, കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവനയിറങ്ങി. 

126 വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച ചർച്ച സ്തംഭിച്ചതിനാൽ, റിക്വസ്റ്റ് ഫോർ പ്രപോസൽ (ആർഎഫ്പി) പിൻവലിക്കാൻ 2015 മാർച്ചിൽ നടപടി തുടങ്ങിയെന്നും ജൂണിൽ ആർഎഫ്പി പിൻവലിച്ചെന്നുമാണു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ രേഖാമൂലം വ്യക്തമാക്കിയത്. 

എന്നാൽ, ഡാസോയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എറിക് ട്രപിയർ, ഇന്ത്യൻ വ്യോമസേനാ മേധാവിയുടെയും എച്ച്എഎൽ ചെയർമാന്റെയും സാന്നിധ്യത്തിൽ, 2015 മാർച്ച് 25നു പറഞ്ഞത് ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതു സംബന്ധിച്ച് എച്ച്എഎല്ലുമായി ധാരണയായെന്നാണ്. ആർഎഫ്പിയെക്കുറിച്ചു വിയോജിപ്പില്ലെന്നും കരാർ ഉടനെ ഒപ്പുവയ്ക്കുമെന്നും ട്രപിയർ പറഞ്ഞു. പാരിസ് പ്രഖ്യാപനം ട്രപിയറും വ്യോമസേനാ മേധാവിയും എച്ച്എഎൽ ചെയർമാനും അറിഞ്ഞിരുന്നില്ലെന്നു വ്യക്തം. 

126 വിമാനങ്ങൾ വേണമെന്നു വ്യോമസേന ആവശ്യപ്പെട്ടതനുസരിച്ചുള്ള ചർച്ചകളാണു പുരോഗമിച്ചിരുന്നതെങ്കിൽ, 36 വിമാനങ്ങൾക്കു കരാർ എന്നതിലേക്ക് എങ്ങനെ എത്തിയെന്നതു സർക്കാർ കോടതിയിൽ നൽകിയ രേഖയിൽ വ്യക്തമല്ല. എച്ച്എഎല്ലിന്റെ നിർമാണ പങ്കാളിത്തത്തിനും സാങ്കേതികവിദ്യാ കൈമാറ്റത്തിനും വ്യവസ്ഥകളില്ലാതെ, 36 വിമാനങ്ങൾ മതിയെന്ന് ആരു തീരുമാനിച്ചുവെന്നും പറയുന്നില്ല. എന്നാൽ, എല്ലാ നടപടിക്രമങ്ങളും പാലിക്കപ്പെട്ടുവെന്നാണു സർക്കാർ അവകാശപ്പെടുന്നത്. 

ക്രമക്കേടിൽ മോദിക്ക് നേരിട്ടു പങ്ക്: കോൺഗ്രസ്

ന്യൂഡൽഹി∙ റഫാൽ കരാറിൽ നിയമ, പ്രതിരോധ മന്ത്രാലയങ്ങളും സേനാ സമിതികളും ഉന്നയിച്ച വാദങ്ങൾ ഗൗനിക്കാതെയാണു പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി തീരുമാനമെടുത്തതെന്നു കോൺഗ്രസ് ആരോപിച്ചു.

വിമാനങ്ങളുടെ അടിസ്ഥാനവില 39,422 കോടിയിൽനിന്ന് 62,166 കോടിയായി ഉയർന്നതിനെതിരെ പ്രതിരോധ മന്ത്രാലയത്തിൽനിന്നു എതിർപ്പുയർന്നിരുന്നു. മന്ത്രാലയത്തിലെ ധനവിഭാഗം മേധാവി സുധാൻഷു മൊഹന്തി ഉൾപ്പെടെ 3 പേർ വിലവർധന ചോദ്യം ചെയ്തതോടെ നെഗോസ്യേഷൻ കമ്മിറ്റിയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. തുടർന്നു വിഷയം അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലിനു (ഡിഎസി) വിട്ടു. സേനാ മേധാവികൾ കൂടി ഉൾപ്പെട്ട കൗൺസിലും വിഷയത്തിൽ ഇടപെടാതെ സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ഉയർന്ന വിലയ്ക്കു സുരക്ഷാകാര്യ സമിതി അംഗീകാരം നൽകുകയും ചെയ്തു.