മൃദുഹിന്ദുത്വം: രാഹുലിന് വിയോജിപ്പെന്ന് സൂചന

ന്യൂഡൽഹി∙ മധ്യപ്രദേശിൽ മൃദുഹിന്ദുത്വ രാഷ്ട്രീയ നയം സ്വീകരിക്കാനുള്ള സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ തീരുമാനത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എതിർപ്പെന്നു സൂചന. പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽനിന്നു രാഹുൽ വിട്ടുനിൽക്കാൻ കാരണവും ഇതാണെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. 

ശ്രീരാമൻ വനവാസത്തിനു പോയതെന്നു വിശ്വസിക്കുന്ന പാതയിലൂടെ തീർഥാടന ടൂറിസം പദ്ധതി, ഗോമൂത്രത്തിന്റെയും ഉണക്കച്ചാണകത്തിന്റെയും വിപണനത്തിനുള്ള പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങളിലാണു രാഹുലിനു വിയോജിപ്പ്. 

കഴിഞ്ഞ 10നു ഭോപാലിൽ നടന്ന ചടങ്ങിൽ പിസിസി അധ്യക്ഷൻ കമൽനാഥും പ്രചാരണ വിഭാഗം മേധാവി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണു പത്രിക പുറത്തിറക്കിയത്. തലേന്നു ഛത്തീസ്ഗഡിൽ പത്രിക പുറത്തിറക്കാൻ പോയ രാഹുൽ, മധ്യപ്രദേശിലുമെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി.