നോട്ട് നിരോധനം അഴിമതിക്കെതിരായ കഷായം: മോദി

നരേന്ദ്ര മോദി

ജാബുവ (മധ്യപ്രദേശ്) ∙ രാജ്യത്ത് ആഴത്തിൽ വേരോടിയ അഴിമതി ഇല്ലാതാക്കുന്നതിനും ബാങ്കിങ് മേഖലയിലേക്ക് പണം തിരിച്ചെത്തിക്കുന്നതിനും ഉപയോഗിച്ച ‘കഷായം’ ആണ് നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില കീടങ്ങളെ നശിപ്പിക്കാൻ കടുത്ത വിഷമരുന്നുകൾ പ്രയോഗിക്കുന്നതു പോലെ ആയിരുന്നു ഇതെന്നും 28 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ റാലിയിൽ മോദി പറഞ്ഞു.

നികുതി വെട്ടിക്കാനായി കിടക്കയ്ക്ക് അടിയിലും മറ്റുമായി ഒളിച്ചുവച്ചിരുന്ന പണം ബാങ്കുകളിലെത്തിക്കാനും അവ വികസനത്തിന് ഉപയോഗപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞു. എല്ലാവരുടെയും ക്ഷേമമാണ് എന്റെ ലക്ഷ്യം. 2022 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും സുരക്ഷിതമായ വീടുകൾ ലഭ്യമാക്കും. രാജ്യത്തെ 125 കോടി ജനങ്ങൾക്കു വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. അത് എതിരാളികളെ അസ്വസ്ഥരാക്കുന്നു– കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു.