ഇന്ത്യൻ പാസ്പോർട്ട് 48 മണിക്കൂറിനകം വിദേശത്തും

വാഷിങ്ടൻ∙ വിദേശ രാജ്യങ്ങളിലെവിടെയും ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങൾ വഴി 48 മണിക്കൂറിനകം പാസ്‌പോർട്ട് നൽകുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. എംബസികളിലെയും കോൺസുലേറ്റുകളിലെയും പാസ്പോർട്ട് ഓഫിസുകൾ നാട്ടിലെ ഡേറ്റാ സെന്ററുമായി ഡിജിറ്റലായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവാകേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു. കഴി‍ഞ്ഞ 21നു ന്യൂയോർക്കിലെ കോൺസുലേറ്റിൽ ആരംഭിച്ച സേവാകേന്ദ്രം വഴി 48 മണിക്കൂറിനകം പാസ്പോർട്ടുകൾ നൽകുന്നുണ്ട്. ലോകമെമ്പാടും താമസിയാതെ ഇതു നടപ്പാക്കും.

വിദേശത്തെ ഇത്തരം കേന്ദ്രം കഴിഞ്ഞമാസം ബ്രിട്ടനിലാണ് ആദ്യം തുറന്നത്. അറ്റ്‌ലാന്റ, ഹൂസ്റ്റൺ, ഷിക്കാഗോ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകളിലും താമസിയാതെ തുറക്കും.