സർജിക്കൽ സ്ട്രൈക്ക് ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചു: രാഹുൽ

ജയ്പുർ∙ പാക്കിസ്ഥാനെതിരെ സൈന്യം നടത്തിയ മിന്നലാക്രമണവും തിരഞ്ഞെടുപ്പു ഗോദയിൽ കോൺഗ്രസ് – ബിജെപി യുദ്ധത്തിനു വഴിമരുന്നിടുന്നു. യുപിയിൽ തിരഞ്ഞെടുപ്പു പരാജയം മുന്നിൽക്കണ്ട് മോദിയും ബിജെപിയും സൈന്യത്തിന്റെ കാര്യങ്ങളിൽ കടന്നുകയറുകയും മിന്നലാക്രമണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയുമായിരുന്നുവെന്ന് ഉദയ്പുരിൽ തിരഞ്ഞെടുപ്പു യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എന്നാൽ, കൊല്ലപ്പെട്ട ധീരസൈനികരെ ഈ പരാമർശത്തിലൂടെ രാഹുൽ അപമാനിച്ചതായി ജോധ്പുരിലെ തിരഞ്ഞെടപ്പു യോഗത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ആരോപിച്ചു.

‘മൻമോഹൻ സർക്കാർ മൂന്നു തവണ മിന്നലാക്രമണം നടത്തി’

മോദി 2016ൽ നടത്തിയതു മാത്രമല്ല പാക്കിസ്ഥാനു നേർക്കുള്ള സർജിക്കൽ സ്ട്രൈക്ക്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 3 തവണ അത്തരം തിരിച്ചടി നൽകി. തിരിച്ചടിക്കണം എന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ച സൈന്യം അത് രഹസ്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ അതുപോലെ ചെയ്തു. നരേന്ദ്ര മോദിയെപ്പോലെ സൈന്യത്തിന്റെ കാര്യങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചില്ല. – രാഹുൽ ഗാന്ധി

‘മോദി സർക്കാർ സൈനികർക്ക് അഭിമാനബോധം നൽകി’

വീരമൃത്യു വരിച്ച ജവാന്മാർക്കായി പ്രധാനമന്ത്രി മോദി പ്രതികാരം ചെയ്തു. സർക്കാർ പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുന്നു എന്നതു സൈനികർക്കു വലിയ അഭിമാനബോധം സമ്മാനിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പു ജയിക്കാനാണ് മിന്നലാക്രമണം നടത്തിയതെന്നാണു രാഹുൽ ഗാന്ധി പറയുന്നത്. നിങ്ങൾ രാജ്യത്തിന്റെ രക്തസാക്ഷികളെ അധിക്ഷേപിക്കുകയാണ്. കുറച്ചുകൂടി ധീരത കാണിക്കൂ. – അമിത് ഷാ