നെഹ്റുവിനു കൃഷിക്കാരുടെ ബുദ്ധിമുട്ട് അറിയില്ലായിരുന്നു: നരേന്ദ്ര മോദി

നരേന്ദ്ര മോദി ( ഫയൽ ചിത്രം)

ജയ്പുർ ∙ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൃഷിക്കാരുടെ ബുദ്ധിമുട്ട് അറിയില്ലായിരുന്നുവെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അദ്ദേഹം റോസാപ്പൂവ് അണിയുമായിരുന്നു. പൂന്തോട്ടങ്ങളെക്കുറിച്ചു പരി‍ജ്ഞാനവും ഉണ്ടായിരുന്നു. എന്നാൽ കൃഷിയെക്കുറിച്ചോ കൃഷിക്കാരെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. അതുകൊണ്ടാണു കർഷകർ കഷ്ടപ്പെടേണ്ടിവന്നത്.’ തിരഞ്ഞെടുപ്പു യോഗത്തിൽ നെഹ്റുവിന്റെ പേരു പറയാതെ മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് നുണകൾക്കു പിഎച്ച്ഡി കൊടുക്കുന്ന സർവകലാശാല ആയി മാറിയെന്നും മോദി പറഞ്ഞു. നുണ പരത്തുന്നതിൽ ആർക്കും പ്രവേശനം കിട്ടുമെന്നും കൂടുതൽ മാർക്കു കിട്ടുന്നവർക്കു പുതിയ പദവികളും അധികാരവും കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വത്തെക്കുറിച്ചു ജ്‍‍‍ഞാനികൾക്കു പോലും പൂർണമായ അറിവില്ലായിരുന്നുവെന്നും അതൊക്കെ ‘കുടുംബപ്പേരുകാരനു’ മാത്രമേ അറിയുകയുള്ളുവെന്നും രാഹുലിനെ ലക്ഷ്യമാക്കി മോദി പറഞ്ഞു. എല്ലാം അറിയുന്ന ആളാണെന്ന ഭാവമാണു പ്രധാനമന്ത്രിക്കെന്നും ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ അദ്ദേഹത്തിന് അറിയില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു വരുമ്പോൾ മോദിക്കു ഹിന്ദുത്വം അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ രാജസ്ഥാൻ വോട്ടു ചെയ്യുന്നത് ഈ വിഷയത്തിലല്ല. മറിച്ച് വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ വിഷയങ്ങളിലാണെന്നും ജോധ്പുരിൽ തിരഞ്ഞെടുപ്പു യോഗത്തിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരണം കണ്ടെത്താൻ ബൈനോക്കുലർ വേണ്ടിവരും: അമിത് ഷാ

വരും ദിവസങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം കണ്ടെത്താൻ രാഹുൽ ഗാന്ധിക്കു ബൈനോക്കുലർ ഉപയോഗിക്കേണ്ടി വരുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. 2014 ൽ മോദി അധികാരത്തിൽ വന്ന ശേഷം 19 സംസ്ഥാനങ്ങളിൽ അധികാരം പിടിച്ച ബിജെപി രാജ്യത്തിന്റെ 70% പ്രദേശവും ഭരിക്കുന്ന കക്ഷിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ 4 തലമുറ ഈ രാജ്യത്തെ പാവപ്പെട്ടവർക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നിരിക്കെ കഴിഞ്ഞ 5 വർഷം ബിജെപി രാജ്യത്തിനുവേണ്ടി എന്തു ചെയ്തു എന്നു ചോദിക്കാൻ രാഹുൽ ഗാന്ധിക്ക് എന്ത് അർഹതയാണുള്ളതെന്നും പ്രതാപ്ഗഡിലെ തിരഞ്ഞെടുപ്പു യോഗത്തിൽ അദ്ദേഹം ചോദിച്ചു.

ബിജെപി പ്രതിപക്ഷമാകും: ഹാർദിക് പട്ടേൽ

തിരഞ്ഞെടുപ്പിനു ശേഷം ബിജെപി പ്രതിപക്ഷത്തിരിക്കുമെന്നു പട്ടേദാർ നേതാവ് ഹാർദിക് പട്ടേൽ. ജോലി നൽകാമെന്നു പറഞ്ഞു ബിജെപി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. യുവജനങ്ങളും ഗ്രാമീണ ജനതയും മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ബിജെപി കൂടുതൽ നല്ല കക്ഷിയെന്നും ജനം ഇത്തവണ അതു പ്രാവർത്തികമാക്കുമെന്നും ഹാർദിക് പറഞ്ഞു.