മുഖ്യമന്ത്രി ആരാവണം; പ്രവർത്തകരുടെ മനമറിയാൻ രാഹുൽ മൊബൈലിൽ

ന്യൂഡൽഹി∙ മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ പ്രവർത്തകരുമായി നേരിട്ടു ബന്ധപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 

താഴേത്തട്ടിലുള്ള പ്രവർത്തകരുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് തയാറാക്കിയ ‘ശക്തി’ മൊബൈൽ ആപ്ലിക്കേഷനിലൂടെ ബുധനാഴ്ച രാത്രിയാണു രാഹുൽ അഭിപ്രായമാരാഞ്ഞത്. ഇതാദ്യമായാണു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് നൂതന മാർഗം പരീക്ഷിച്ചത്.

45 സെക്കൻഡ് നീണ്ട ശബ്ദ സന്ദേശത്തിൽ പാർട്ടിയെ അധികാരത്തിലെത്തിച്ചതിനു പ്രവർത്തകരോട് നന്ദി പറഞ്ഞ രാഹുൽ, മുഖ്യമന്ത്രി ആരാവണമെന്നു ചോദിച്ചു. ശബ്ദസന്ദേശമായി തീരുമാനം അറിയിക്കാനും അതു താൻ മാത്രമേ കേൾക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴര ലക്ഷത്തോളം പേർ മറുപടി നൽകി. മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെലോട്ടും മുന്നിലെത്തിയതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ശക്തി ആപ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൊബൈൽ – സമൂഹമാധ്യമങ്ങളിലൂടെ വോട്ടർമാർക്കിടയിൽ വ്യ‌ാപക പ്രചാരണം നടത്തി വിജയിച്ച ബിജെപിയുടെ അതേ തന്ത്രമാണ് ശക്തി ആപ്പിലൂടെ കോൺഗ്രസും പരീക്ഷിക്കുന്നത്.

പ്രത്യേക മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് അയച്ചു പ്രവർത്തകന് ആപ്പിന്റെ ഭാഗമാകാം. പ്രവർത്തകരുടെ വിശദാംശങ്ങൾ പാർട്ടി വിവരശേഖരത്തിൽ (ഡേറ്റാ ബേസ്) സൂക്ഷിക്കും. രാഹുലിന്റെ ശബ്ദ സന്ദേശങ്ങൾ, നിർദേശങ്ങൾ, പ്രചാരണ തന്ത്രങ്ങൾ എന്നിവ ആപ് വഴി ഇവരുടെ മൊബൈൽ ഫോണുകളിലേക്കെത്തിക്കും. പ്രവർത്തകരെ തൽസമയം നേരിൽ കണ്ടു സംസാരിക്കാനും ആപ്പിൽ സൗകര്യമുണ്ട്.

കെപിസിസി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം ശക്തി ആപ് കേരളത്തിൽ നടപ്പാക്കുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രവർത്തകരെ ആതിൽ ചേർക്കുന്നതിന്റെ ചുമതല പ്രാദേശിക നേതാക്കൾക്കാണ്. ഓരോ പോളിങ് ബുത്തിൽ നിന്നും ചുരുങ്ങിയത് 25 പേരെ ചേർക്കാനാണു ദേശീയ നേതൃത്വത്തിന്റെ നിർദേശം.