Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇലയിലെ ഉരുളൽ നിരോധിച്ചു

made-snana

മംഗളൂരു∙ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിവാദമായ മഡെ സ്നാനയും (ബ്രാഹ്മണരുടെ എച്ചിലിലയിൽ കീഴ്ജാതിക്കാർ ഉരുളുന്ന ചടങ്ങ്) എഡെ സ്നാനയും (പ്രസാദം നിവേദിച്ച ഇലയിൽ കീഴ്ജാതിക്കാർ ഉരുളുന്ന ചടങ്ങ്) നിരോധിച്ചു. പര്യായസ്വാമി പലിമാർ മഠത്തിലെ സ്വാമി വിദ്യാധീശ തീർഥയാണ് ഇക്കാര്യം അറിയിച്ചത്. പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥയുടെ ഉപദേശം തേടിയ ശേഷമാണ് തീരുമാനമെന്നു വിദ്യാധീശ വ്യക്തമാക്കി.

മഡെ സ്നാനയും എഡെ സ്നാനയും ഏറെ വിവാദമുയർത്തിയ ചടങ്ങുകളാണ്. ഈ ചടങ്ങുകളും അന്നദാനത്തിലെ പന്തിഭേദവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്കു മാർച്ച് നടത്തുകയും ഉദ്ഘാടനം ചെയ്ത എം.എ. ബേബി അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഉപദേവനായ സുബ്രഹ്മണ്യനു മുന്നിലാണ് എച്ചിലിലയിൽ ഉരുളുന്ന മഡെ സ്നാന നടന്നിരുന്നത്. ചടങ്ങ് പ്രക്ഷോഭങ്ങൾക്കു വഴിയൊരുക്കിയതോടെ എച്ചിലിലയ്ക്കു പകരം പ്രസാദം നിവേദിച്ച ഇലയിൽ ഉരുളുന്ന എഡെ സ്നാനയായി പരിഷ്കരിച്ചു. മതാചാരങ്ങൾക്ക് ഈ ചടങ്ങുകൾ ആവശ്യമില്ലെന്നു പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥ വ്യക്തമാക്കി. വിവാദ ആചാരങ്ങൾ മുറുകെപ്പിടിക്കുകയല്ല, പൂജകൾ നടത്തുകയാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.