അന്യജാതിക്കാരിക്കൊപ്പം യുവാവ് ഒളിച്ചോടി; അച്ഛനമ്മമാരെ ആൾക്കൂട്ടം ബലമായി വിഷംകുടിപ്പിച്ചു കൊന്നു

രാമനഗര (കർണാടക) ∙ ഇതരജാതിക്കാരിയായ വിവാഹിതയ്ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ ഒരു സംഘമാളുകൾ വിഷം കൊടുത്തു കൊന്നു. യുവതിയുടെ ബന്ധുക്കളാണു പ്രതികളെന്നു സംശയിക്കുന്നതായും തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. കർണാടക രാമനഗര ജില്ലയിലെ കനക്‌പുര താലൂക്കിൽ കള്ളിഗൗഡനദൊഡ്ഡിയിലാണു ക്രൂരമായ ആൾക്കൂട്ടക്കൊല. 

കർഷകനായ സിദ്ധരാജു (50), ഭാര്യ സാകമ്മ (45) എന്നിവരെയാണു ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ചത്. ഇവരുടെ വീട്ടിലേക്ക് ആൾക്കൂട്ടം തള്ളിക്കയറുകയായിരുന്നു. മകൻ മനു (25) ഒളിച്ചോടിയതിൽ മനംനൊന്തു ജീവനൊടുക്കിയെന്നാണു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.