ബോഗിബീൽ പാലം തുറന്ന് പ്രധാനമന്ത്രി മോദി

ബോഗിബീലിന്റെ ഉദ്ഘാടനത്തിനു ശേഷം പാലത്തിലൂടെ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം:എഎഫ്പി

കരേങ് ചപോരി (അസം) ∙ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ – റോഡ് പാലം ‘ബോഗിബീൽ’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുകളിൽ 3 വരി റോഡും താഴെ ഇരട്ട റെയിൽ പാതയുമുള്ള 4.94 കിലോമീറ്റർ നീളമുള്ളതാണു പാലം.

മുൻ സർക്കാരുകളുടെ കാലത്തു തുടങ്ങിയതും മുടന്തിനീങ്ങുന്നതുമായ വൻ പദ്ധതികളുടെ നിർമാണം അതിവേഗം പൂർത്തീകരിക്കാനാണു തന്റെ സർക്കാർ ശ്രദ്ധിക്കുന്നതെന്നു മോദി പറഞ്ഞു. 12 ലക്ഷം കോടി രൂപയുടെ നൂറിലേറെ പദ്ധതികളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നാണു കരുതുന്നത്. അവ വേഗത്തിലാക്കും.

2002 ഏപ്രിലിൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു പദ്ധതിയുടെ നിർമാണം തുടങ്ങിയത്. വാജ്പേയിക്ക് 2004 ൽ രണ്ടാമതൊരു ഊഴം കൂടി ലഭിച്ചിരുന്നെങ്കിൽ ബോഗിബീൽ പാലം 2009 നകം പൂർത്തിയായേനെയെന്നു മോദി പറഞ്ഞു. ഇതു വാജ്പേയിക്കുള്ള ജന്മദിന സമ്മാനമാണ്.

ബോഗിബീൽ പാലം വരുന്നതോടെ അസം, അരുണാചൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ദൂരം എഴുന്നൂറിൽ നിന്ന് 200 കിലോമീറ്ററായി കുറയുമെന്നും മോദി പറഞ്ഞു.

എന്നെ മറന്നു: ദേവെ ഗൗഡ

ബെംഗളൂരു ∙ പ്രധാനമന്ത്രിയായിരിക്കെ 1997 ൽ ബോഗിബീൽ പാലത്തിനു തറക്കല്ലിട്ട എച്ച്.ഡി. ദേവെഗൗഡയ്ക്ക് ഉദ്ഘാടന ചടങ്ങിനു ക്ഷണമില്ല. ‘അയ്യോ രാമ!, ആരാണ് എന്നെ ഓർക്കുന്നത്. ചില പത്രങ്ങളല്ലാതെ.’ ക്ഷണക്കത്തു ലഭിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ദേവെഗൗഡ പറഞ്ഞു.

ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതു നിർത്തൂ; ഖനി തൊഴിലാളികളെ രക്ഷിക്കൂ: രാഹുൽ

വെള്ളം കയറിയ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികൾ രണ്ടാഴ്ചയായി പ്രാണവായുവില്ലാതെ പിടയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ബോഗിബീൽ പാലത്തിൽ ക്യാമറകൾക്കു മുന്നിൽ പോസ് ചെയ്യുകയും. – കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അതിശേഷിയുള്ള പമ്പുകൾ സ്ഥലത്തെത്തിച്ചു രക്ഷാപ്രവർത്തനം നടത്താൻ അദ്ദേഹത്തിന്റെ സർക്കാർ തയാറാകുന്നില്ല. ദയവായി തൊഴിലാളികളെ രക്ഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.