ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ സിനിമയെച്ചൊല്ലി കോൺഗ്രസ് – ബിജെപി രാഷ്ട്രീയപ്പോര്

ചിത്രത്തിന്റെ ട്രെയിലറിൽ നിന്നുള്ള ദൃശ്യം

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ചുള്ള ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന ബോളിവുഡ് ചിത്രത്തെച്ചൊല്ലി കോൺഗ്രസ് – ബിജെപി രാഷ്ട്രീയപ്പോര്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ സമ്മർദത്തിനു വഴങ്ങിയാണു മൻമോഹൻ പ്രവർത്തിച്ചിരുന്നതെന്ന സൂചനകൾ നൽകുന്ന ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇരുപക്ഷവും കൊമ്പുകോർത്തത്.

സോണിയ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരെ മോശമായി ചിത്രീകരിക്കുന്ന ചിത്രം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപിയുടെ വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. ‘ഒരു കുടുംബം 10 വർഷം രാജ്യത്തെ ബന്ദിയാക്കിയതിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കാണുക’ എന്നു ട്വിറ്ററിൽ കുറിച്ചു ബിജെപി രംഗത്തിറങ്ങിയതോടെ പോര് മുറുകി.

ഇതേസമയം, ചിത്രത്തിന്റെ റിലീസ് പാർട്ടി തടയുമെന്ന അഭ്യൂഹം വ്യാജമാണെന്നു കോൺഗ്രസ് വ്യ‌ക്തമാക്കി. മധ്യപ്രദേശ് സർക്കാർ ചിത്രം വിലക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചർച്ച ചെയ്യാൻ പോലും യോഗ്യതയില്ലാത്ത ചിത്രത്തിന് അനാവശ്യ പ്രാധാന്യം നൽകാൻ താൽപര്യമില്ലെന്നും സംസ്ഥാനത്തെ പാർട്ടി വക്താവ് നരേന്ദ്ര സലൂജ വ്യക്തമാക്കി. ചിത്രം തങ്ങളെ മുൻകൂട്ടി കാണിക്കാതെ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിലപാട് തള്ളിയാണ്, വിലക്ക് ആവശ്യപ്പെടേണ്ടെന്ന പാർട്ടി തീരുമാനം.

ചിത്രത്തെക്കുറിച്ചു പ്രതികരിക്കാൻ മൻമോഹൻ സിങ് വിസമ്മതിച്ചു. പ്രതിഷേധത്തിൽ കോൺഗ്രസിനൊപ്പം മറ്റു പ്രതിപക്ഷ കക്ഷികളും അണിനിരന്നു.

ബാരു, മൻമോഹന്റെ മാധ്യമ ഉപദേഷ്ടാവ്

2004 – 2008 കാലയളവിൽ മൻമോഹന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകം ആസ്പദമാക്കിയാണ് അതേ പേരിലുള്ള ചിത്രം ജനുവരി 11നു റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടൻ അനുപം ഖേർ ആണു മൻമോഹനായി അഭിനയിക്കുന്നത്. വിജയ് രത്നാകർ ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് ഖന്നയാണു സഞ്ജയ ബാരുവിന്റെ വേഷമിടുന്നത്.

∙ പ്രധാനമന്ത്രിക്കസേരയിലേക്കു പിൻഗാമി തയാറാകും വരെയുള്ള രാജപ്രതിനിധി മാത്രമായിരുന്നോ മൻമോഹൻ സിങ്? – രാഹുൽ ഗാന്ധിയെ പരാമർശിച്ചു ബിജെപി

∙ ചിത്രത്തിന്റെ പ്രചാരണവും സ്പോൺസർ ചെയ്യുന്നതും ബിജെപിയാണ് – ആർജെഡി.

∙ നോട്ട് നിരോധനം, റഫാൽ വിവാദം, വിജയ് മല്യ, നീരവ് മോദി, കർഷക ആത്മഹത്യ തുടങ്ങിയ സിനിമകളും നിർമിക്കൂ – മനോജ് ഝാ എംപി

∙ നിസ്സംഗനായ പ്രധാനമന്ത്രി എന്ന പേരിലുള്ള ചിത്രത്തിനായി കാത്തിരിക്കുന്നു. അബദ്ധത്തിൽ പ്രധാനമന്ത്രിയായ വ്യക്തിയേക്കാൾ മോശമാണ് അത്തരമൊരു പ്രധാനമന്ത്രി. – പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള.

∙ സംഭവിച്ച കാര്യങ്ങൾ ആസ്പദമാക്കിയുള്ള ചിത്രമാണിത്. പുസ്തകം പുറത്തിറങ്ങിയപ്പോൾ അതിനെ അവഗണിച്ചവർ ഇപ്പോൾ ബഹളം വയ്ക്കുന്നത് എന്തിനാണ്? മൻമോഹൻ സിങ്ങിനെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. – അനുപം ഖേർ (നടൻ)

∙ മഹാഭാരതത്തിൽ പോലും 2 കുടുംബങ്ങളുണ്ട്. ഇന്ത്യയിൽ പക്ഷേ, ഒരു കുടുംബം മാത്രമാണുള്ളത് – ചിത്രത്തിന്റെ ട്രെയിലറിൽ സഞ്ജയ ബാരുവിന്റെ കഥാപാത്രം ഗാന്ധി കുടുംബത്തെ സൂചിപ്പിച്ചു പറയുന്ന ഡയലോഗ്.