വൈദ്യുതിക്കാലുമായി പനീർസെൽവം; തൊപ്പിയിട്ട് ശശികല പക്ഷം

ചെന്നൈ ∙ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ ശശികല, പനീർസെൽവം പക്ഷങ്ങൾക്ക് ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ പുതിയ പേരും ചിഹ്നവും. ശശികല പക്ഷത്തിന്റെ പേര് ‘ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ (അമ്മ)’; ചിഹ്നം ‘വട്ടത്തൊപ്പി’. പനീർസെൽവം പക്ഷത്തിന് അനുവദിച്ച പേര് ‘ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ)’; ചിഹ്നം ‘വൈദ്യുതിക്കാൽ’. പാർട്ടിയിലെ തർക്കത്തെത്തുടർന്നു ‘രണ്ടില’ ചിഹ്നം തിരഞ്ഞെടുപ്പു കമ്മിഷൻ ബുധനാഴ്ച രാത്രി മരവിപ്പിച്ചിരുന്നു. ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ എന്ന പേര് ഉപയോഗിക്കുന്നതിൽനിന്ന് ഇരുപക്ഷത്തെയും ത‍‍ടയുകയും ചെയ്തു.

പാർട്ടി സ്ഥാപകൻ എംജിആറിന്റെ ‘തൊപ്പി’യെയാണ് പുതിയ ചിഹ്നം ഓർമപ്പെടുത്തുന്നതെന്നു ശശികല പക്ഷം പറയുന്നു. കാഴ്ചയിൽ ‘രണ്ടില’യോടുള്ള സാമ്യമാണു വൈദ്യുതിക്കാൽ തിരഞ്ഞെടുക്കാൻ പനീർസെൽവം പക്ഷത്തെ പ്രേരിപ്പിച്ചത്. ഇരുകൂട്ടരും ‘ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ (അമ്മ)’ എന്ന പേരാണു പുതുതായി ആവശ്യപ്പെട്ടത്. ഈ പേര് ശശികല പക്ഷത്തിന് അനുവദിച്ച കമ്മിഷൻ, പനീർസെൽവം പക്ഷത്തിന് ഓൾ ഇന്ത്യ അണ്ണാ ‍ഡിഎംകെ (പുരട്ചി തലൈവി അമ്മ) എന്ന പേര് നിർദേശിച്ചു.

ഇതിനിടെ, ഒരു സ്ഥാനാർഥിയെയും പിന്തുണയ്ക്കില്ലെന്നു നടൻ രജനീകാന്ത് ട്വിറ്ററിലൂടെ അറിയിച്ചു. ഗംഗൈ അമരൻ കഴിഞ്ഞദിവസം രജനിയെ സന്ദർശിച്ച ശേഷം അദ്ദേഹത്തിന്റെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.