ഭരണക്കസേരയിൽനിന്നു തടവറയിലേക്ക്

ജയലളിതയ്ക്ക് അഴിമതിക്കേസിൽ മുഖ്യമന്ത്രി പദം നഷ്ടമായി. ശശികല അതാഗ്രഹിച്ചപ്പോഴേക്കു ശിക്ഷിക്കപ്പെട്ടു. മുൻപു ലാലുപ്രസാദ് യാദവിനും ജഗദീഷ് ശർമയ്‌ക്കും ലോക്‌സഭാംഗത്വവും റഷീദ് മസൂദിനു രാജ്യസഭാംഗത്വവും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ നഷ്‌ടമായിട്ടുണ്ട്. അഴിമതിക്കേസുകളിൽ തടവിലായ നേതാക്കൾ വേറെയുമുണ്ട് – സുഖ്‌റാം, ഓംപ്രകാശ് ചൗട്ടാല, എ.രാജ, ബി.എസ്.യെഡിയൂരപ്പ, സുരേഷ് കൽമാഡി, അമർ സിങ്, കനിമൊഴി, ആർ.ബാലകൃഷ്‌ണപിള്ള.

ജയലളിതയ്‌ക്കു നൂറുകോടി രൂപയാണു പിഴ വിധിച്ചതെങ്കിൽ, കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുപ്രസാദ് യാദവിന് 25 ലക്ഷം രൂപയായിരുന്നു പിഴ; അഞ്ചു വർഷം തടവും. കേന്ദ്ര ആരോഗ്യ സഹമന്ത്രി ആയിരിക്കേ ത്രിപുരയിലെ മെഡിക്കൽ കോളജിൽ അവിഹിതമായി സ്വന്തക്കാർക്കു പ്രവേശനം നൽകി എന്ന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണു കോൺഗ്രസ് നേതാവ് റഷീദ് മസൂദിനു രാജ്യസഭാംഗത്വം പോയത്.

ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓംപ്രകാശ് ചൗട്ടാലയെ പത്തു വർഷത്തേക്കു ശിക്ഷിച്ചത് അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയതിനായിരുന്നു. ചൗട്ടാലയുടെ മകൻ അജയ് സിങ് ചൗട്ടാലയ്‌ക്കും ഇതേ കേസിൽ 10 വർഷം തടവുശിക്ഷ കിട്ടി. ആയുധ ഇടപാടുകാരായി ചമഞ്ഞ മാധ്യമപ്രവർത്തകരോട് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിജെപി മുൻ അധ്യക്ഷൻ ബംഗാരു ലക്ഷ്‌മണനും ശിക്ഷിക്കപ്പെട്ടു. 2012 ൽ നാലു വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. മുൻ ഹരിയാന സ്പീക്കർ സത്ബിർ സിങ് കഠിയാനു കഴിഞ്ഞ വർഷം അഴിമതിക്കേസിൽ ഏഴു വർഷം തടവു ലഭിച്ചു. 50 ലക്ഷം രൂപ പിഴയും. കർഷക സഹകരണ സംഘത്തിന്റെ അധ്യക്ഷനായിരിക്കെ നടത്തിയ ക്രമക്കേടുകൾക്കാണു ശിക്ഷ.

2011ൽ ഇടമലയാർ അഴിമതിക്കേസിലാണു മുൻ മന്ത്രി ആർ.ബാലകൃഷ്‌ണപിള്ളയെ സുപ്രീം കോടതി ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചത്; 10,000 രൂപ പിഴയും. 2ജി സ്‌പെക്‌ട്രം അഴിമതിക്കേസിലാണു ഡിഎംകെ രാജ്യസഭാംഗമായിരുന്ന കനിമൊഴി ജയിലിൽ കിടന്നത്.