ദീപ ജയകുമാറിന്റെ സംഘടന; ‘എംജിആർ അമ്മ ദീപ ഫോറം’

ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ പുതിയ സംഘടനയുടെ പ്രഖ്യാപനവേളയിൽ.

ചെന്നൈ ∙ ‘എംജിആർ അമ്മ ദീപ ഫോറം’ എന്ന പേരിൽ പുതിയ രാഷ്ട്രീയ സംഘടനയുമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ രംഗത്ത്. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ മൽസരിക്കുമെന്ന സൂചനയും നൽകി. എംജിആർ ജയയ്ക്കു ദീപശിഖ കൈമാറുന്ന ചിത്രത്തോടുകൂടിയ കറുപ്പും ചുവപ്പും നിറങ്ങളുള്ള കൊടിയും ദീപ പുറത്തിറക്കി. ടി നഗറിലെ വസതിയിൽ ഭർത്താവ് മാധവനൊപ്പമാണു സംഘടനയുടെ പ്രഖ്യാപനം നടത്തിയത്.

‘പനീർസെൽവത്തെ കണ്ടതു മര്യാദയുടെ പേരിലാണ്. അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. ശശികല കുടുംബത്തിനെതിരെ എന്റെ സഹോദരൻ ദീപക് പെട്ടെന്നു രംഗത്തുവന്നതു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നു. തമിഴ്നാട്ടിൽ ജനാധിപത്യം കൊല ചെയ്യപ്പെട്ടിരിക്കുകയാണ്.

വഞ്ചകരിൽ നിന്നു സംസ്ഥാനത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയ യാത്രയുടെ തുടക്കമാണിത്. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം തിരിച്ചുപിടിക്കും. ജയ ഭരണം പുനഃസ്ഥാപിക്കും. ആർകെ നഗറിൽ ഞാൻ മൽസരിക്കണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നു. മൽസരിച്ചാൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഒപ്പം നിൽക്കുന്ന ഒരാളെയും കൈവിടില്ല,’ ദീപ പറഞ്ഞു.