അമ്മയുടെ പട്ടാളച്ചിട്ടയിൽ തന്നെ പാർട്ടിയെ നയിക്കും: ശശികല

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശശികല പ്രസംഗിക്കുന്നു.

ചെന്നൈ ∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. വികാരനിർഭരമായ ആദ്യ പ്രസംഗത്തിൽ നിറഞ്ഞുനിന്നതു ജയ തന്നെ. ‘അമ്മ’ എപ്പോഴും തന്റെ ഹൃദയത്തിലുണ്ടെന്നും പട്ടാളച്ചിട്ടയിൽ അവർ നയിച്ചതു പോലെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുമെന്നും ശശികല പറഞ്ഞു.

ഇതുവരെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലോ ചെറിയ യോഗങ്ങളിലോ പോലും പ്രസംഗിച്ചിട്ടില്ലാത്ത ശശികലയുടെ വാക്കുകൾ കേൾക്കാൻ കാതോർത്തിരുന്ന അണികൾക്കു മുന്നിൽ 22 മിനിറ്റായിരുന്നു ആദ്യപ്രസംഗം. അണികളുടെ ‘ചിന്നമ്മ വാഴ്ക’ മുദ്രാവാക്യങ്ങൾക്കിടെ ഉച്ചയ്ക്ക് 12.20ന് ആണു ചുമതലയേറ്റത്.

പുരട്ചി തലൈവി സ്റ്റൈലിൽ ശശികല

ജയലളിതയുടെ നിഴലായിരുന്ന ശശികലയെ അല്ല ഇന്നലെ തമിഴകം കണ്ടത്. ‘അമ്മ’യുടെ നേർ പ്രതിഛായയാകാനുള്ള ശ്രമം വേഷത്തിലും ഭാവത്തിലും പ്രകടമായി. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാക്കിയ പ്രമേയവുമായി നേതാക്കൾ കാണാനെത്തിയപ്പോൾ തന്നെ വേഷത്തിൽ മാറ്റം വരുത്തിയിരുന്നു.
അതുവരെ, സാധാരണ രീതിയിൽ തയ്ച്ച ബ്ലൗസ് ധരിച്ചിരുന്നിടത്ത് പ്രൗഢി തോന്നിക്കുന്ന ഹൈനെക്ക് ബ്ലൗസ് ആയി, കയ്യിറക്കം മുട്ടിലേക്കു നീണ്ടു. ഇന്നലെ അണിഞ്ഞ മജന്ത ബോർഡറുള്ള കരിംപച്ച ഒറ്റക്കളർ സാരിയും അതുവരെ പതിവായി ഉപയോഗിച്ചിരുന്ന ഡിസൈനുകളിൽ നിന്നുള്ള മാറ്റമായി. പിന്നിയിട്ടിരുന്ന തലമുടിയാകട്ടെ, ഒതുക്കി കറുത്ത നെറ്റ് ക്ലിപ്പിട്ട് ബൺ കെട്ടിവച്ചു.

ഇടംകയ്യിൽ ജയയുടേതു പോലെ കറുത്ത സ്ട്രാപ്പുള്ള വാച്ച്, നെറ്റിയിൽ പൊട്ടിനു മുകളിലായി ജയയുടേതുപോലെ കാവിനിറത്തിൽ ഗോപിക്കുറി, ഇരുകൈകളിലും ഒറ്റവെള്ളക്കൽ മോതിരങ്ങൾ, വലം കയ്യിൽ ഒറ്റ സ്വർണ വള എന്നിവ കൂടിയായതോടെ ‘മേക്ക് ഓവർ’ പൂർണം.

കഴിഞ്ഞദിവസം ജയലളിതയുടെ സ്മാരകത്തിൽ പോയപ്പോൾ അണിഞ്ഞിരുന്ന കനമുള്ള മാലയും ഇന്നലെ കണ്ടില്ല. വേഷത്തിൽ മാത്രമല്ല, പതിയെ ഉള്ള നടത്തം, ശാന്തമായുള്ള കൈകൂപ്പൽ, അണികൾക്കു നേരെ മെല്ലെ കൈ ഉയർത്തൽ എന്നിവയിലെല്ലാം നേതാവിന്റെ ശരീരഭാഷ കൊണ്ടുവരാൻ ശശികലയ്ക്കായി.

സിനിമയിൽനിന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോൾ ജയലളിതയും ഇങ്ങനെ വേഷപ്പകർച്ച നടത്തിയിരുന്നു, മേക്കപ് ഏറെക്കുറെ ഒഴിവാക്കി; ലളിതമായ ആഭരണങ്ങളിലേക്കും വെള്ളയിൽ പാർട്ടി പതാകയുടെ കരയുള്ള സാരിയിലേക്കും ഒതുങ്ങി. എന്നാൽ, 1991ൽ മുഖ്യമന്ത്രിയായപ്പോൾ ഡിസൈൻ സാരികൾ തിരികെ വന്നു, ഒപ്പം ഓവർകോട്ടും. പിന്നീട് ഓവർകോട്ട് മാറ്റി സാരിത്തലപ്പ് പുതച്ച ജയയെയും തമിഴ്നാട് കണ്ടു. അതിനിടയിൽ ശശികലയും ജയയും പലപ്പോഴും ഒരേ തരം സാരിയണിഞ്ഞു വേദികളിൽ പ്രത്യക്ഷപ്പെട്ടു. ഓറഞ്ച് പട്ടുസാരിയും വലിയ സ്വർണമാലകളും വെള്ളക്കല്ല് പതിച്ച അരപ്പട്ടയും കെട്ടി ഇരട്ട സഹോദരിമാരെപ്പോലെ നിൽക്കുന്ന ജയ–ശശികല ചിത്രം ‘നക്കീരൻ’ വാരിക പ്രസിദ്ധീകരിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കയ്യിൽ മടക്കിപ്പിടിച്ച വെള്ളത്തൂവാല ജയ മരിച്ചതു മുതൽ ശശികലയുടെ കൂടെയുണ്ട്, ഇന്നലെ പ്രസംഗത്തിനിടെ കണ്ണീരണിഞ്ഞപ്പോൾ മുഖം തുടച്ചത് ആ തൂവാല കൊണ്ടാണ്. ജയയ്ക്ക് ഏറെയിഷ്ടമുള്ള പച്ച നിറത്തിലുള്ള സാരി തന്നെയാണു പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ദിവസവും ശശികല ധരിച്ചിരുന്നത്.

ഇന്നലെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയുള്ള ചിന്നമ്മയുടെ വരവും ജയയുടെ കാലത്തെ ഓർമിപ്പിച്ചു; കാറിന്റെ മുൻസീറ്റിൽ കൈ കൂപ്പിയുള്ള ഇരിപ്പും പുരട്ചി തലൈവി സ്റ്റൈൽ തന്നെ.