Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാറ്റൂർ ആനവേട്ടക്കേസ് സിബിഐ ഏറ്റെടുക്കുന്നില്ല

തിരുവനന്തപുരം∙ വനം വകുപ്പിനെ പിടിച്ചു കുലുക്കുകയും എൺപതോളം പേരുടെ അറസ്റ്റിൽ കലാശിക്കുകയും ചെയ്ത മലയാറ്റൂർ ആനവേട്ടക്കേസിൽ സംസ്ഥാനം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണം ഏറ്റെടുക്കുന്നില്ല. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആനക്കൊമ്പ് കടത്ത് സംഘത്തിലേക്ക് അന്വേഷണം ചെന്നെത്തുമെന്നു വ്യക്തമായതോടെയാണു കടുത്ത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു സിബിഐ അന്വേഷണം മരവിപ്പിച്ചത്.

സംസ്ഥാനന്തര ബന്ധങ്ങളുള്ള കേസായതിനാൽ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം വിജ്ഞാപനം ഇറക്കുകയും കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തെ നിരന്തരം ബന്ധപ്പെടുകയും ചെയ്തിട്ടും സിബിഐ അതിനു തയാറാകുന്നില്ല. ഇതിനിടെ, സംസ്ഥാനത്ത് അറസ്റ്റിലായ എൺപതോളം പേരിൽ ഒരാൾ ഒഴികെയുള്ളവർ ജാമ്യത്തിലിറങ്ങുകയും ചെയ്തു. അന്ന് ആനവേട്ട സ്ഥിരീകരിച്ച വനമേഖലകളിൽ നിന്നു വീണ്ടും വേട്ടക്കഥകൾ പുറത്തു വരുമ്പോഴാണു സിബിഐയുടെ നിസംഗത.

ആനവേട്ടക്കേസ് മൂടി വയ്ക്കാനാണു വനം വകുപ്പ് ആദ്യമൊക്കെ ശ്രമിച്ചതെങ്കിലും സാക്ഷി മൊഴികൾ ഉൾപ്പെടെ ‘മനോരമ’ പുറത്തു കൊണ്ടുവന്നതിനെ തുടർന്നാണ് ഊർജിത അന്വേഷണം തുടങ്ങിയത്. ആനവേട്ട ഉണ്ടായിട്ടില്ലെന്ന് ആദ്യം നിലപാടെടുത്ത വനം വകുപ്പ് അധികൃതർ പിന്നീട് ഇരുപതോളം ആനകൾക്കു വെടിയേറ്റിട്ടുണ്ടെന്നു സ്ഥിരീകരിച്ചു. പിന്നീടു നടന്ന തുടർച്ചയായ റെയ്ഡിലും അന്വേഷണത്തിലും എൺ‍പതോളം പേരാണ് അറസ്റ്റിലായത്.

ഡൽഹിയിൽ ഉമേഷ് അഗർവാൾ എന്ന വ്യവസായിയുടെ ഗോഡൗണിൽ നിന്ന് ഇരുപതു കോടിയോളം രൂപയുടെ ആനക്കൊമ്പ് ശിൽപങ്ങൾ പിടികൂടുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ ജാമ്യത്തിൽ ഇറങ്ങി. യാത്രയ്ക്കു സാധിക്കാത്തതിനാൽ സ്വന്തം തീരുമാനപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റ് മാത്രമാണ് ഇപ്പോൾ വനം വകുപ്പിന്റെ കൺവെട്ടത്തുള്ളത്. തുണ്ടത്തിൽ റേഞ്ചിൽ മാത്രം 10 ആനവേട്ടക്കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു കേസിൽ ഒഴികെ ബാക്കിയെല്ലാത്തിലും കുറ്റപത്രം നൽകി.

മറ്റു റേഞ്ചുകളി‍ലേതു കൂടി കണക്കിലെടുക്കുമ്പോ‍ൾ ഇരുപതോളം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നാംപ്രതി ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയിലെ തോട്ടത്തിൽ ആത്മഹത്യ ചെയ്ത നിലയിലാണു കണ്ടെത്തിയത്. രണ്ടാംപ്രതിയും ആത്മഹത്യയ്ക്കു ശ്രമിച്ചു സംസാരശേഷി നഷ്ടപ്പെട്ട നിലയിലാണ്.

വേട്ടക്കാരുടെ ബന്ധങ്ങൾ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്കു നീളുന്നതു മനസ്സിലാക്കിയപ്പോഴാണു സംസ്ഥാന സർക്കാർ കേസ് സിബിഐക്കു വിട്ടത്. സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്നു നാലു തവണ കേന്ദ്രത്തെ ഓർമിപ്പിച്ചതായി വനം സെക്രട്ടറി പി.മാരപാണ്ഡ്യൻ വ്യക്തമാക്കി. പക്ഷേ, മറുപടി ലഭിച്ചില്ല. സംസ്ഥാനത്തിന്റെ ആവശ്യത്തെ കുറിച്ച് കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിൽ ആരാഞ്ഞപ്പോൾ, അറിയില്ലെന്നായിരുന്നു സിബിഐ അധികൃതരുടെ മറുപടി.

കേന്ദ്രത്തിൽ പിടിപാടുള്ളവരാണ് ആനക്കൊമ്പ് കടത്തിനു പിന്നിലെന്നും സംസ്ഥാനത്തിന്റെ അന്വേഷണം എങ്ങുമെത്തില്ലെന്നും വനം വകുപ്പ് അധികൃതർ ആദ്യമേ ഉന്നയിച്ച സംശയങ്ങൾ ശരിവയ്ക്കുന്ന വിധത്തിലാണു കേസിൽ ഇപ്പോഴത്തെ സിബിഐ നിലപാട്. തുടരന്വേഷണം ഇങ്ങനെ വഴിമുട്ടി നിൽക്കുമ്പോൾ തട്ടേക്കാട് വനത്തിൽ വീണ്ടും വെടിപൊട്ടുന്നു. അവിടെ വീണ്ടും ആനവേട്ടയ്ക്കിറങ്ങിയ യുവാവ് വെടിയേറ്റു മരിക്കുകയും റേഞ്ച് ഓഫിസിനു സമീപത്തു തന്നെ നാലു മാസം പ്രായമുള്ള ആനയുടെ ജഡം കണ്ടെത്തിയതും ഏതാനും ദിവസം മുമ്പാണ്.

Your Rating: